റാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വീണ്ടും തിരിച്ചടി. ജാര്‍ഖണ്ഡിലെ എക കോൺഗ്രസ് എംപി ബിജെപിയിൽ ചേർന്നു. കോണ്‍ഗ്രസ് എംപിയായിരുന്ന ഗീത കോഡയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയത്.
മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത. ജാര്‍ഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബാബുലാല്‍ മരണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗീത ബിജെപി അംഗത്വം സ്വീകരിച്ചു.
സിംഗ്ഭും ലോക്‌സഭാ സീറ്റില്‍ നിന്നും വിജയിച്ചയാളാണ് ഗീത കോഡ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14 ലോക്‌സഭാ സീറ്റുകളില്‍ 12 എണ്ണവും ബിജെപിയും സഖ്യകക്ഷികളും നേടിയിരുന്നു.
അതേസമയം, മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. 2008 ഡിസംബറിലാണ് വിലാസ് റാവു ദേശ്മുഖിന്റെ പിന്‍ഗാമിയായി അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ ആദര്‍ശ് ഭവനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരില്‍ 2010 നവംബറില്‍ രാജിവക്കേണ്ടിവന്നു. 2014 മുതല്‍ 2019വരെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. ചവാൻ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹങ്ങൾ.
കന്യാകുമാരി ജില്ലയിലെ വിളവങ്കോട് എംഎൽഎയും പ്രമുഖ കോൺഗ്രസ് നേതാവും അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ചീഫ് വിപ്പുമായ എസ് വിജയധരണിയും കഴിഞ്ഞ ദിവസം എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായി വിജയധരണി എക്‌സിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സെൽവപെരുന്തഗൈയുമായി അഭിപ്രായ ഭിന്നതതയിലായിരുന്നു വിജയധരണി. ഇതിനു പിന്നാലെ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് വിജയധരണി ബിജെപി അംഗത്വം ഏറ്റുവാങ്ങിയത്
















