ന്യൂഡൽഹി: ചെന്നൈ കോയമ്പേടിലെ പള്ളി പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹിദായ മസ്ജിദും മദ്റസയും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും പൊളിക്കണമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. 2023 നവംബർ 22ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അനുമതിയില്ലാതെയാണ് മദ്റസയും പള്ളിയും നിർമിച്ചതെന്ന് മദ്രാസ് ഹൈക്കോടതിടതിയിലെ ജസ്റ്റിസ് ജെ. നിഷ ബാനു നിരീക്ഷിച്ചിരുന്നു. വിഷയത്തിൽ ഉദ്യോഗസ്ഥർ കാണിച്ച നിസ്സംഗതയോട് ജഡ്ജി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അനധികൃത നിർമാണങ്ങൾക്ക് നേരെ കോർപറേഷൻ ഉദ്യോഗസ്ഥർ കണ്ണടക്കുകയാണെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് മസ്ജിദ് പൊളിക്കുന്നതിന് നിർദേശം നൽകിയത്.
ഇതിനെതിരെ മസ്ജിദ് കമ്മിറ്റിയായ ഹൈദ മുസ്ലിം വെൽഫേറ്റ് ട്രസ്‌റ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി.പള്ളി നിലനിൽക്കുന്ന സ്ഥലം പരാതിക്കാരുടെ ഉടമസ്ഥതയിലല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്‌മെൻറ് അതോറിറ്റി (സിഎംഡിഎ) യുടെതാണ് ഭൂമി. ഹർജിക്കാർ അനധികൃത കൈയേറ്റക്കാരാണ്. കെട്ടിട നിർമാണം അനുവദിക്കാൻ അവർ അപേക്ഷ നൽകിയിട്ടില്ല. തികച്ചും നിയമവിരുദ്ധമായാണ് നിർമാണമെന്നും കോടതി പറഞ്ഞു. കെട്ടിടങ്ങൾ പൊളിക്കാൻ ട്രസ്റ്റിന് മേയ് 31 വരെ കോടതി സമയം അനുവദിച്ചു.
















