ലാഹോര്‍: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും മുതിര്‍ന്ന പിഎംഎല്‍-എന്‍ നേതാവുമായ മറിയം നവാസ് പാകിസ്ഥാനിലെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായി. പാകിസ്ഥാനിലെ പ്രധാനപ്പെട്ട പ്രവിശ്യകളിലൊന്നായ പഞ്ചാബിലെ മുഖ്യമന്ത്രിയായാണ് മറിയം തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ 220 വോട്ടുകള്‍ നേടിയാണ് മറിയം വിജയിച്ചത്.
മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി പിന്തുണയുള്ള സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ (എസ്ഐസി) നിയമസഭാംഗങ്ങളുടെ വാക്കൗട്ടിനിടയിലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നടന്നത്. എസ്ഐസി സ്ഥാനാര്‍ത്ഥി റാണ അഫ്താബ് അഫ്താബിന് വോട്ടൊന്നും ലഭിച്ചില്ല.
പിതാവ് ഇരുന്ന സീറ്റില്‍ ഇരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ മറിയം നവാസ് തനിക്ക് വോട്ട് ചെയ്ത സിയസഭാംഗങ്ങള്ക്കും ദൈവത്തിനും തന്റെ പിതാവ് നവാസ് ഷെരീഫിനും ഷെഹ്ബാസ് ഷെരീഫിനും നന്ദി പറഞ്ഞു.
ഒരു ഓഫീസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് പിതാവാണ് തന്നെ പഠിപ്പിച്ചത് -മറിയം പറഞ്ഞു. ‘ഇന്ന്, പ്രവിശ്യയിലെ ഓരോ സ്ത്രീയും ഒരു വനിതാ മുഖ്യമന്ത്രിയെ കാണുന്നതില്‍ അഭിമാനിക്കുന്നു,’ ഭാവിയിലും സ്ത്രീ നേതൃത്വത്തിന്റെ പാരമ്പര്യം തുടരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ജയില്‍വാസം പോലുള്ള പ്രയാസകരമായ സമയങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ തന്നെ ശക്തനാക്കിയതിന് എതിരാളികളോട് നന്ദിയുണ്ടെന്നും മറിയം നവാസ് പറഞ്ഞു.ഞാന്‍ പ്രതികാരം ചെയ്യില്ല, മുന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, പാകിസ്ഥാന് മുന്‍ ചീഫ് ജസ്റ്റിസ് സാഖിബ് നിസാര്‍ എന്നിവരെ പരോക്ഷമായി പരാമര്‍ശിച്ച് മറിയം പറഞ്ഞു.