ഇസ്ലാമാബാദ്: ലാഹോറിൽ അറബി അക്ഷരങ്ങൾ എഴുതിയ വസ്ത്രം ധരിച്ച് ഹോട്ടലിൽ എത്തിയ യുവതിയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഇതിന് പിന്നാലെ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു. മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണവും പോലീസ് കസ്റ്റഡിയും.
ഭർത്താവിനൊപ്പമായിരുന്നു യുവതി ഭക്ഷണം കഴിക്കാൻ എത്തിയത്. വെള്ളനിറത്തിലുള്ള കുർത്തയിൽ പല നിറങ്ങൾ കൊണ്ട് അറബി അക്ഷരങ്ങൾ എഴുതിയ വസ്ത്രം ആയിരുന്നു യുവതി ധരിച്ചത്. ഇത് കണ്ടയുടൻ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ചിലർ യുവതിയ്ക്കടുത്ത് എത്തുകയായിരുന്നു.
തുടർന്ന് വസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇതിന് വിസമ്മതിയ്ക്കുകയായിരുന്നു. വസ്ത്രത്തിൽ ഖുർആൻ സൂക്തങ്ങളാണെന്നും അതിനാൽ അഴിച്ചുമാറ്റണം എന്നുമായിരുന്നു ആൾക്കൂട്ടത്തിന്റെ ആവശ്യം. എന്നാൽ വേറെ വസ്ത്രം ഇല്ലെന്ന് യുവതി പറഞ്ഞു. ഇതോടെ യുവതിയെ അസഭ്യം പറയാനും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് വനിതാ പോലീസ് സ്ഥലത്ത് എത്തി. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് മതതീവ്രവാദികളുടെ പക്കൽ നിന്നും യുവതിയെ പോലീസ് രക്ഷിച്ചത്. ഖുർആൻ സൂക്തങ്ങൾ അല്ല എഴുതിയിരിക്കുന്നത് എന്നും വസ്ത്രത്തിലുള്ളത് അറബി വാക്കുകൾ ആണെന്നും പോലീസ് ആൾക്കൂട്ടത്തോട് പറഞ്ഞു. ഇതിന് പിന്നാലെ പെൺകുട്ടിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം യുവതിയെ പോലീസ് ഭർത്താവിനൊപ്പം പറഞ്ഞുവിട്ടു.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മതതീവ്രവാദികൾ ഖുർആനെ നിന്ദിച്ചെന്ന തരത്തിലാണ് യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതിനിടെ മറ്റൊരു വിഭാഗം യുവതിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.