ജറുസലം: ഗസ്സയിലെ ഇസ്രായേലിന്റെ അവസാനിക്കാത്ത വംശഹത്യയിൽ പ്രതിഷേധിച്ച് പലസ്തീൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ. രാജിക്കത്ത് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗസ്സ യുദ്ധവും കാരണമാണ് വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന തന്റെ സർക്കാർ രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
”വെസ്റ്റ് ബാങ്കിലും ജറുസലമിലെയും ഇസ്രായേലിന്റെ അഭൂതപൂർവമായ അക്രമണങ്ങളുടെ വർധനയും ഗസ്സ മുനമ്പിലെ യുദ്ധവും വംശഹത്യയും പട്ടിണിയും കണക്കിലെടുത്താണ് രാജി.”- ഇഷ്തയ്യ പറഞ്ഞു.
ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള പുതിയ സർക്കാർ രൂപീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.