ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമർശനവുമായി ലണ്ടൻ മേയർ. കൺസർവേറ്റിവ് പാർട്ടി എംപിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിലാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ്റെ വിമർശനം. ലീ ആൻഡേഴ്സന്റെ മുസ്ലിം വിദ്വേഷ പരാമർശങ്ങൾക്കു കൂട്ടുനിൽക്കുകയാണ് പ്രധാനമന്ത്രിയെന്ന്ന്ന് അദ്ദേഹം വിമർശിച്ചു. മുസ്ലീങ്ങൾക്കെതിരായ വംശീയത പ്രശ്നമല്ലെന്ന സന്ദേശമാണ് ഇതു നൽകുന്നതെന്നും സാദിഖ് ഖാൻ കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് മാധ്യമമായ ജിബി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആൻഡേഴ്സൻ്റെ വിവാദ പരാമർശം. ഇസ്ലാമിസ്റ്റുകൾ ബ്രിട്ടൻ്റെ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയിട്ടുണ്ടെന്നു കരുതുന്നില്ലെങ്കിലും സാദിഖ് ഖാനെയും ലണ്ടനെയും നിയന്ത്രിക്കുന്നത് അവരാണെന്നാണു തന്റെ വിശ്വാസമെന്നായിരുന്നു ആൻഡേഴ്സൻ പറഞ്ഞത്. നമ്മുടെ തലസ്ഥാന നഗരത്തെ സുഹൃത്തുക്കൾക്കു വിട്ടുനൽകിയിരിക്കുകയാണ് അദ്ദേഹമെന്നും ആൻഡേഴ്സൻ ആരോപിച്ചു.
മുസ്ലിം വിരുദ്ധ വിദ്വേഷത്തിന് ഇന്ധനം പകരുകയാണ് ലീ ആൻഡേഴ്സൻ ചെയ്തതെന്ന് ലണ്ടൻ മേയർ പറഞ്ഞു. ഒരു മുതിർന്ന കൺസർവേറ്റീവ് നേതാവിന്റെ പരാമർശങ്ങളാണിത്. ഇസ്ലാമോഫോബിയ നിറഞ്ഞതും മുസ്ലിം വിരുദ്ധവും വംശീയവുമാണ് പരാമർശങ്ങൾ. ഋഷി സുനകിന്റെ ആഴത്തിലുള്ള മൗനമാണു തന്നെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുനകിന്റെയും മന്ത്രിസഭയുടെയും മൗനം ഈ വംശീയതയെ അംഗീകരിക്കുന്നതാണ്. എന്തുകൊണ്ടാണ് സുനകും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും പ്രസ്താവനയെ അപലപിച്ചു രംഗത്തെത്താത്തതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം വംശീയതയ്ക്ക് അവർ കുടപിടിക്കുന്ന പോലെയാണതെന്നും സാദിഖ് ഖാൻ പറഞ്ഞു.
മുസ്ലിം വിരുദ്ധതയും അവർക്കെതിരായ വംശീയതയുമൊന്നും പ്രശ്നമല്ലെന്ന സന്ദേശമാണ് ഇതു നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനിൽ അതും 2024ൽ ഇതൊക്കെ സംഭവിക്കുന്നുവെന്നത് അത്ര നല്ലതല്ലെന്നും ലണ്ടൻ മേയർ കൂട്ടിച്ചേർത്തു