തനിക്കൊപ്പം കട്ടയ്ക്ക് മസിൽ പെരുപ്പിച്ചു നിൽക്കുന്ന അച്ഛൻറെ ചിത്രം നടൻ ടൊവിനോ ഒരിക്കൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഇരുവരും മസിൽ പിടിച്ച് പോസ് ചെയ്യുന്ന ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചിരുന്നത്.
അന്ന് അച്ഛനേയും മകനേയും പുകഴ്ത്തിക്കൊണ്ട് നിരവധി പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നത്. അന്ന് പലരും അച്ഛനേയും സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കമ്മന്റും ചെയ്തിരുന്നു. ഇപ്പോഴിതാ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയിരിക്കുകയാണ് ടൊവിനോയുടെ പിതാവായ അഡ്വ. ഇല്ലിക്കൽ തോമസ്.
ടൊവിനോ അവതരിപ്പിച്ചിരിക്കുന്ന എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തിൻ്റെ അച്ഛനായ റിട്ട. ഹെഡ് കോൺസ്റ്റബിൾ നാരായണ പിള്ളയായാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഈ മാസം 9ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. 40 കോടി വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷൻ ഇതിനകം ചിത്രം നേടി കഴിഞ്ഞു. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം.
Read More……
ടൊവിനോയ്ക്ക് പുറമേ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, ഹരിശ്രീ അശേകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുക്കിളി പ്രകാശ്, മധുപാൽ, രമ്യാ സുവി, അർത്ഥന ബിനു, അനഘ തുടങ്ങിയവരും മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.
തമിഴിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് ഛായാഗ്രഹണം.
എഡിറ്റിംഗ് സൈജു ശ്രീധർ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.