ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ – സിപിഎം ബന്ധം വഷളാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂര്‍ സീറ്റ് സിപിഎമ്മിന് നൽകാൻ കഴിയില്ലെന്ന് ഡിഎംകെ അറിയിച്ചു.ഇക്കുറി സീറ്റ് സീറ്റ് കമൽ ഹാസന് നൽകാനാണ് ഡിഎംകെയുടെ താത്പര്യം.
അതേ സമയം, തങ്ങളുടെ സിറ്റിംഗ് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന നിലപാടിലുറച്ചാണ് സിപിഎം . ഞായറാഴ്ച രണ്ടാമതും ഈ വിഷയത്തിൽ ഉഭയകക്ഷി ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കോയമ്പത്തൂരിന് പകരം മറ്റൊരു സീറ്റ് നൽകാമെന്ന് ഡിഎംകെ സിപിഎമ്മിനെ അറിയിച്ചെങ്കിലും അത് പാർട്ടി തള്ളി. ചർച്ചകൾ തുടരുമെന്നാണ് ഇന്ന് നടന്ന ഉഭയകക്ഷി യോഗത്തിനു ശേഷം സിപിഎം നേതാക്കൾ അറിയിച്ചത്.
കഴിഞ്ഞ തവണ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. ഈ രണ്ട് സീറ്റുകളിലും പാർട്ടി വിജയിച്ചിരുന്നു. നേരത്തേ നാഗപ്പട്ടണം, തെങ്കാശി, കന്യാകുമാരി സീറ്റുകള്‍ കൂടി അധികമായി നല്‍കണമെന്ന് സിപിഎം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ വഴങ്ങിയിരുന്നില്ല. നാഗപ്പട്ടണവും തിരുപ്പൂരും കഴിഞ്ഞ തവണ സിപിഐ മത്സരിച്ച് വിജയിച്ച മണ്ഡലങ്ങളാണ്. കന്യാകുമാരി കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റും.
















