അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരകക്ഷേത്ര ദർശനത്തിൻ്റെ ഭാഗമായി കടലിൽ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കടലിൽ മുങ്ങിയ ശേഷം മോദി ദ്വാരക ക്ഷേത്രത്തിലും ആരാധന നടത്തി. കടലിൽ മുങ്ങിയത് ഏറെ ദിവ്യമായ അനുഭൂതിയായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
‘‘”‘വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുന്ന ദ്വാരകാനഗരത്തിൽ പ്രാർത്ഥിക്കാൻ സാധിച്ചത് ദൈവീകമായ അനുഭൂതിയായിരുന്നു. ആത്മീയ മഹത്വത്തിലും കാലാതീതമായ ഭക്തിയിലും പുരാതന യുഗവുമായി ബന്ധപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. ഭഗവാൻ ശ്രീകൃഷ്ണൻ നമ്മെ അനുഗ്രഹിക്കട്ടെ ” -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
മുങ്ങൽ വിദഗ്ധരോടൊപ്പം കടലിനടിയിൽ നിന്നുളള ചിത്രങ്ങളും മോദി എക്സിൽ പങ്കുവച്ചു. മയിൽപീലിയുമായിട്ടായിരുന്നു മോദി പ്രാര്‍ത്ഥന നടത്തിയത്. ഹിന്ദു മതവിശ്വാസ പ്രകാരം ദ്വാരക ശ്രീകൃഷ്ണന്‍റെ രാജ്യമായും പിന്നീട് അത് അറബിക്കടലിൽ മുങ്ങിപോയതായിട്ടുമാണ് വിശ്വാസം. നേരത്തെ ലക്ഷദ്വീപിലെത്തിയ മോദി തീരത്തോട് ചേര്‍ന്ന് സ്കൂബ ഡൈവിംങ് നടത്തുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു ഉദ്ഘാടത്തിനായി ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് സുദര്‍ശന്‍ സേതു.
















