ഫെമ കേസിൽ ഹിരാനന്ദാനി ഗ്രൂപ്പ് പ്രൊമോട്ടർമാർക്ക് സമൻസ് അയച്ച് ഇ.ഡി

വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ കേസിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഹിരാനന്ദാനി ഗ്രൂപ്പിൻ്റെ പ്രൊമോട്ടർമാർക്ക് ഇ ഡി സമൻസ്. നിരഞ്ജൻ ഹിരാനന്ദാനിക്കും, മകൻ ദർശൻ ഹിരാനന്ദാനിക്കുമാണ് ഇ ഡി സമൻസ് അയച്ചത്. ഫെബ്രുവരി 26 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്.

 
കഴിഞ്ഞ ദിവസം ഹിരാനന്ദാനി ഗ്രൂപ്പിൻ്റെ 5 ഓഫീസുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. തൃണമൂൽ നേതാവ് മഹുവ മൊയ്ത്രക്ക് കോഴ നൽകിയതായി ആരോപണം ഉയർന്ന ആളാണ്‌ ദർശൻ ഹിരാനന്ദാനി. ഹിരാനന്ദാനി ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപനത്തിൽ വ്യാഴാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ ആസ്ഥാനമന്ദിരമുൾപ്പെടെ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്.

Read more

കഴിഞ്ഞവർഷം മാർച്ചിൽ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും ഹിരാനന്ദാനി ഗ്രൂപ്പിന്റെ 25-ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. നികുതിവെട്ടിപ്പ് നടന്നതായി സംശയമുയർന്നതിനെ തുടർന്നായിരുന്നു നടപടി. കഴിഞ്ഞ ഡിസംബറിൽ ലോക്‌സഭയിൽനിന്ന് പുറത്താക്കിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രക്കെതിരേയുള്ള വിദേശനാണ്യ വിനിമയ ചട്ടലംഘനക്കേസുമായി ഇതിന് ബന്ധമില്ലെന്ന് ഇ.ഡി. അറിയിച്ചു.