പാലക്കാട്:പിക്കപ് വാൻ ഓടിക്കൊണ്ടിരുന്ന ലോറിക്കുപിന്നിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. ഒരാളുടെ കാലിന് ഗുരുതര പരിക്ക്. പിക്കപ്പ് വാനിലുണ്ടായിരുന്ന കൊടുന്തിരപ്പുള്ളി ചേങ്ങോട് വെള്ളക്കുട്ടിയുടെ മകന്‍ ശിവന്‍ (58), പാലക്കാട് പേഴുങ്കര നിഷാദ് (35) എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ കൊടുന്തിരപ്പുള്ളി നവുക്കോട് സൈനുദ്ദീന്റെ മകന്‍ ഷാജിറിനെ (34) ഗുരുതര പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 3.40-ന് പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. തമിഴ്‌നാട്ടില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിക്കുപിന്നിലാണ് പിക്കപ്പ് വാനിടിച്ചത്. കോയമ്പത്തൂരില്‍നിന്ന് കോഴി കയറ്റി പാലക്കാട്ടേക്ക് പോകുകയായിരുന്നു പിക്കപ്പ് വാന്‍.
ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. ഇതുകാരണം വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കഞ്ചിക്കോട് അഗ്നിരക്ഷാസേനയും കെ.എന്‍.ആറിന്റെ ക്രെയിനുമെത്തിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ഉടനെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം രണ്ടുപേര്‍ മരിച്ചിരുന്നു.
Read more ….
കാലിന് ഗുരുതരമായി പരിക്കേറ്റ ഷാജിര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് സര്‍വീസ് റോഡുവഴിയാണ് ഏറെനേരം വാഹനങ്ങള്‍ കടത്തിവിട്ടത്. വാളയാര്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു