കൊച്ചി: മൂന്നാം സീറ്റിൽ ബുദ്ധിമുട്ടറിയിച്ച് കോൺഗ്രസ്. ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്ന ഉപാധിയാണ് കോൺഗ്രസ് മുന്നോട്ട്വച്ചത്. ലീഗിൻ്റെ അബ്ദുൾ വഹാബ് ഒഴിയുമ്പോൾ സീറ്റ് തിരികെ നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലീഗിന് രാജ്യസഭാ സീറ്റ് നൽകാമെന്ന ഉപാധി കോൺഗ്രസ് ഉപാധിവച്ചെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ. മാധ്യമങ്ങളുടെ ചോദ്യത്തിനാണ് സുധാകരൻ്റെ മറുപടി. ലീഗ് സമ്മതം മൂളിയിട്ടില്ലെന്നും ആലോചിച്ച് പറയാമെന്നായിരുന്നു സുധാകരൻ വ്യക്തമാക്കിയത്. ലീഗ് ഉപാധിവച്ചാൽ രാജ്യസഭാ സീറ്റ് നൽകുന്നതിന് ഹൈക്കമാൻഡിൻ്റെ അനുമതി വാങ്ങുമെന്നും സുധാകരൻ അറിയിച്ചു
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും നില നിർത്തിയ സസ്പെൻസാണ് സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽ പൊളിച്ചത്. രാജ്യസഭാ സീറ്റ് നൽകാം എന്നത് മാധ്യമങ്ങൾ വെറുതെ പറയുന്നതാണ് എന്നായിരുന്നു സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ചർച്ച പോസിറ്റീവായിരുന്നു എന്ന് ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെക്കണ്ട പ്രതിപക്ഷനേതാവ് വിഡി സതീശനും മാധ്യമകളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞില്ലേ ചർച്ച പോസിറ്റിവാണെന്ന്, അത് തന്നെയാണ് തനിക്ക് പറയാനുള്ളതെന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇരുകൂട്ടർക്കും പരസ്പരം പറയാനുള്ള കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തെന്നും സതീശൻകൂട്ടിച്ചേർത്തു.
ലീഗിൻ്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനമെടുക്കാൻ ആലുവ പാലസിലാണ് ലീഗ് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നത്. ചർച്ച തൃപ്തികരമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസുമായി ചർച്ചകൾ വീണ്ടും തുടരും. ഇന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങളുമായിട്ടുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം അറിയിക്കാം എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ഇന്നത്തെ ചർച്ചയിൽ അന്തിമ സമവായം ഉണ്ടായിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം 27 ന് പാണക്കാട് ചേരുന്ന യോഗത്തിന് ശേഷം ചർച്ചയുടെ വിവരങ്ങൾ അറിയിക്കാം എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ചർച്ചയിൽ മൂന്നാം സീറ്റ് ആവശ്യത്തിന് ബദലായി ലിഗിന് മുന്നിൽ ഉപാധിവച്ചെന്നാണ് സൂചനകൾ. ഈ ഒത്ത് തീർപ്പ് ചർച്ച സാദിഖലി തങ്ങും നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്തതിന് ശേഷം കോൺഗ്രസിനെ അറിയിക്കാം എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. അതാണ് ഇന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും പറഞ്ഞത്.