മുംബൈ: എൻ.സി.പി സ്ഥാപക നേതാവ് ശരദ് പവാർ പാർട്ടിയുടെ പുതിയ തെരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിച്ചു. ‘കൊമ്പു വിളിക്കുന്ന മനുഷ്യൻ’ ആണ് ശരദ് പവാറിന്‍റെ ‘എൻ.സി.പി -ശരദ്ചന്ദ്ര പവാർ’ പാർട്ടിയുടെ ചിഹ്നം. മഹാരാഷ്ട്രയിലെ റായ്ഗഡ് കോട്ടയിൽ നടന്ന ചടങ്ങിൽ ശരദ് പവാർ പുതിയ ചിഹ്നം അനാവരണം ചെയ്തു. പുതിയ പോരാട്ടങ്ങൾക്കും ജനക്ഷേമം നിറവേറ്റുന്ന സർക്കാറിനും വേണ്ടി പാർട്ടി മുന്നിട്ടിറങ്ങുമെന്ന് ശരദ് പവാർ പറഞ്ഞു.
അജിത് പവാർ വിഭാഗവുമായുള്ള ഭിന്നതക്കും പിളർപ്പിനും അധികാരത്തർക്കത്തിനൊടുവിലാണ് പാർട്ടി സ്ഥാപകൻ കൂടിയായ ശരദ്പവാറിന് പാർട്ടി പേരും ചിഹ്നവും നഷ്ടമായത്. അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻ.സി.പി) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് ശരദ് പവാർ വിഭാഗത്തിന് പുതിയ പേരും ചിഹ്നവും കണ്ടെത്തേണ്ടിവന്നത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് ശരദ് പവാറിന്‍റെ അനന്തരവൻ കൂടിയായ അജിത് പവാർ എൻ.സി.പിയെ പിളർത്തി ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ നേടിയത്. തുടർന്ന്, ശിവസേന- ഏക്നാഥ് ഷിൻഡെ വിഭാഗത്തോടും ബി.ജെ.പിയോടും സഖ്യം ചേർന്ന് മഹാരാഷ്ട്ര മന്ത്രിസഭയുടെ ഭാഗമാകുകയും ചെയ്തിരുന്നു.
Read more :
തങ്ങളാണ് യഥാർഥ എൻ.സി.പി.യെന്ന് അവകാശപ്പെട്ട് ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു. തുടർന്ന്, നിയമസഭയിലെ ഭൂരിഭാഗം പാർട്ടി എം.എൽ.എമാരും അജിത്തിനോടൊപ്പം നിൽക്കുന്നത് കണക്കിലെടുത്താണ് പാർട്ടി പേരും ചിഹ്നമായ ക്ലോക്കും അദ്ദേഹത്തിന് നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുത്തത്. ശരദ് പവാർ വിഭാഗത്തിന് കനത്ത തിരിച്ചടിയായിരുന്നു ഈ തീരുമാനം.
പാർട്ടി പേരും ചിഹ്നവും നഷ്ടമായതിന് പിന്നാലെ ശരദ് പവാർ വിഭാഗത്തിന് മഹാരാഷ്ട്ര നിയമസഭയിലും തിരിച്ചടിയേറ്റിരുന്നു. അജിത് പവാർ വിഭാഗം എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കർ രാഹുൽ നർവേകർ തള്ളുകയായിരുന്നു. അജിത് പവാർ വിഭാഗത്തെ യഥാർഥ എൻ.സി.പിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. അയോഗ്യരാക്കണമെന്ന് പരസ്പരം ആവശ്യപ്പെട്ടുകൊണ്ട് ഇരുപക്ഷവും പരാതി നൽകിയിരുന്നു. ഇതിൽ വാദം കേട്ട ശേഷമാണ് ഇരുപക്ഷത്തിന്‍റെയും പരാതികൾ സ്പീക്കർ തള്ളിയത്.