ജയ്പൂര്‍ : ഐപിഎല്‍ 2024 സീസണ് ആരംഭിക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കേ രാജസ്ഥാന് റോയല്‍സിന് ആശങ്ക. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് ജയ്പൂരിലെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയം നഷ്ടപ്പെട്ടേക്കും. സ്റ്റേഡിയത്തിന്റെ ഉപയോഗം സംബന്ധിച്ച് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനും സ്പോർട്ട്സ് കൗൺസിലും തമ്മിലുണ്ടായ തർക്കമാണ് ഇതിന് കാരണം. സ്റ്റേഡിയത്തിലെ സൗകര്യങ്ങളും രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് ഓഫീസും അക്കാഡമിയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സീല്‍ ചെയ്തു.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാലും വലിയ കുടിശ്ശിക വരുത്തിയതിനാലും സവായ് മാന്‍സിംഗ് സ്റ്റേഡിയം കൈമാറണമെന്ന് കാണിച്ച് രാജസ്ഥാന് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സോഹന്‍ റാം ചൗധരി രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് വെള്ളിയാഴ്ച കത്ത് നല്‍കിയിരുന്നു. എന്നാല്‍ സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന് കൈമാറാതിരുന്നതോടെ രാജസ്ഥാന് സ്പോര്‍ട്സ് കൗണ്‍സില്‍ ഉദ്യോഗസ്ഥരെത്തി സീല്‍ ചെയ്യുകയായിരുന്നു. രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന് കരാര്‍ നിബന്ധനകള്‍ ലംഘിച്ചതായി രാജസ്ഥാന് സ്പോര്‍ട്സ് കൗണ്‍സില്‍ വാദിക്കുന്നു. കരാര്‍ പ്രകാരമുള്ള തുക അടയ്ക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നതാണ് പ്രധാനമായും സ്പോര്‍ട്സ് കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നത്.
Read more :
ഐപിഎല്‍ 2024 സീസണില്‍ മാര്‍ച്ച് 24ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരെയാണ് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന് റോയല്‍സിന്റെ ആദ്യ ഹോം മത്സരം നടക്കേണ്ടത്. മാര്‍ച്ച് 28ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഇവിടെ റോയല്‍സിന്റെ രണ്ടാം മത്സരം. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സില്‍ ധ്രുവ് ജൂരെല്‍, ജോസ് ബട്ലര്, കുണാല്‍ സിംഗ് റാത്തോഡ്, ടോം കോഹ്ലര്, റിയാന്‍ പരാഗ്, ഷിമ്രോന്‍ ഹെറ്റ്മെയര്‍, യശസ്വി ജയ്സ്വാള്‍, ശുഭം ദുബെ, ഡൊണോവന്‍ ഫെറൈര, റോവ്മാന്‍ പവല്‍, ആബിദ് മുഷ്താഖ്, ആദം സാംപ, കുല്‍ദീപ് സെന്‍, ആവേഷ് ഖാന്, നാന്ദ്രേ ബര്‍ഗര്‍, നവ്ദീപ് സെയ്നി, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണുള്ളത്.