മോസ്കോ- റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ഹൃദയത്തിൽ ശക്തമായി ഒറ്റ ഇടി ഇടിച്ച് കൊലപ്പെടുത്തിയതായിരിക്കാമെന്ന് മനുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെട്ടു. സോവിയറ്റ് കാലഘട്ടത്തിലെ ആഭ്യന്തര സുരക്ഷാ സേവനമായിരുന്ന കെ.ജിബി ഉപയോഗിച്ചിരുന്ന രീതിയാണിത്. ഒരാഴ്ച മുമ്പ് ജയിലിൽ മരിച്ച നവൽനിയുടെ മൃതദേഹം ഇനിയും ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടില്ല. കെ.ജെ.ബി ഇത്തരത്തിൽ ആളുകളെ കൊല്ലാറുണ്ടെന്ന് മനുഷ്യാവകാശ ഗ്രൂപ്പായ Gulagu.net സ്ഥാപകൻ വഌഡിമിർ ഒസെച്കിൻ ടൈംസ് ഓഫ് ലണ്ടനോട് പറഞ്ഞു.
ശരീരത്തിന്റെ മധ്യഭാഗത്ത് ഹൃദയത്തിൽ ശക്തമായി ഇടിച്ച് ഒരാളെ കൊല്ലുന്ന രീതി കെ.ജി.ബി തങ്ങളുടെ സേനാംഗങ്ങളെ പരിശീലപ്പിച്ചിട്ടുണ്ടെന്നും ഒസെച്കിൻ പറഞ്ഞു. 1991 ഡിസംബർ 3ന് ഇത് ഔദ്യോഗികമായി പിരിച്ചുവിട്ടു. പിന്നീട് റഷ്യയിൽ ഫോറിൻ ഇന്റലിജൻസ് സർവീസ് (എസ്വിആർ) രൂപീകരിക്കുകയും അത് പിന്നീട് ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ആയി മാറുകയും ചെയ്തു.
കൊല്ലുന്നതിന് മുമ്പ് തണുത്ത താപനിലയിൽ അലക്സിയെ മണിക്കൂറുകളോളം നിർത്തി. ഇതോടെ രക്തയോട്ടം മന്ദഗതിയിലാകും. പിന്നീട് ഒരാളെ കൊല്ലാൻ വളരെ എളുപ്പവുമാണ്. അലക്സിയുടെ ശരീരത്തിൽ നിരവധി ചതവുകളുടെ അടയാളങ്ങൾ ഉണ്ടായിരുന്നു.
ജയിലിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നേരിട്ട് ഫോറിൻ മെഡിസിൻ ബ്യൂറോയിലേക്ക് കൊണ്ടുപോകാറാണ് പതിവ്. എന്നാൽ അലക്സി നവൽനിയുടെ മൃതദേഹം ഒരു ക്ലിനിക്കൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ശരീരത്തിലെ ‘ചതവുകൾ’ മൽപ്പിടുത്തം നടക്കുമ്പോൾ ഒരാൾക്ക് അനുഭവപ്പെടുന്ന അടയാളങ്ങളോട് സാമ്യമുള്ളതെന്നും അദ്ദേഹം ആരോപിച്ചു .