ഹൂസ്റ്റണ്‍ ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ എതിരാളി അലക്സി നവല്‍നിയുടെ മരണത്തെക്കുറിച്ച് ഒരുക്ഷരം ഉരിയാടാന്‍ തയാറായിരുന്നില്ല യുഎസ് മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്ത സുഹൃത്തിന്റെ എതിരാളിയെക്കുറിച്ച് ട്രംപ് എന്തു പറയുമെന്ന് അറിയാനുള്ള ആകാംക്ഷ പരസ്യമായി പ്രകടിപ്പിച്ചു രംഗത്തുവന്നവരില്‍ റിപ്പബ്ലിക്കന്‍ പ്രൈമറി എതിരാളി നിക്കി ഹേലി അടക്കമുള്ളവരുമുണ്ടായിരുന്നു. എന്നിട്ടും ട്രംപ് ഒന്നും മിണ്ടിയതുമില്ല.
എന്നാല്‍ വിമര്‍ശനം ശക്തമായതോടെ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ട്രംപ് നിര്‍ബന്ധിതനായി. വ്ളാഡിമിർ പുട്ടിന്റെ മുന്നില്‍ ‘മുട്ടിലിഴയുന്ന ദുര്‍ബലനാണ്’ ട്രംപ് എന്ന് നിക്കി ഹേലി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ പ്രസിഡന്റ് മൗനം വെടിഞ്ഞത്. നവല്‍നിയുടെ പെട്ടെന്നുള്ള മരണത്തില്‍ ലോകം മുഴുവന്‍ റഷ്യന്‍ പ്രസിഡന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോൾ ട്രംപ് പുട്ടിനെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് പ്രതികരണം നടത്തിയതെന്നത് ശ്രദ്ധേയമായി.
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണത്തില്‍ മൗനം വെടിയാന്‍ ട്രംപ് തിരഞ്ഞെടുത്തത് സമൂഹമാധ്യമാ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യല്‍ ആണ്. ‘അലക്സി നവല്‍നിയുടെ പെട്ടെന്നുള്ള മരണം നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് എന്നെയും മറ്റുള്ളവരെയും കൂടുതല്‍ കൂടുതല്‍ ബോധവാന്മാരാക്കി,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവല്‍നിയുടെ മരണത്തെ സ്വന്തം രാഷ്ട്രീയ വേട്ടയുമായും പ്രസിഡന്റ് മത്സരവുമായും ബന്ധപ്പെടുത്താനുള്ള കൗശലമാണ് ട്രംപ് കാണിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. തുറന്ന അതിര്‍ത്തികള്‍, കബളിപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പുകള്‍, തികച്ചും അന്യായമായ കോടതി തീരുമാനങ്ങള്‍ എന്നിവ അമേരിക്കയെ നശിപ്പിക്കുകയാണ്. നമ്മള് തരകരുന്ന രാഷ്ട്രമാണെന്ന് ട്രംപ് വിമർശിക്കുന്നു.
ഡോണൾഡ് ട്രംപിന്റെ റഷ്യന്‍ പ്രസിഡന്റിനോടുള്ള വിധേയത്വത്തെ കണക്കിന് പരിഹസിച്ചാണ് നിക്കി ഹേലി രംഗത്തുവന്നിരുന്നത്. ‘വ്ളാഡിമിർ പുട്ടിനു മുന്നില്‍ മുട്ടുകുത്തി തളര്‍ന്ന ഒരു പ്രസിഡന്റ് അമേരിക്കയ്ക്ക് ഉണ്ടാകില്ല’ എന്ന പ്രഖ്യാപനവും നടത്തി. ഇന്ന് സൗത്ത് കാരോലൈനയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറിക്ക് മുന്നോടിയായി നടക്കുന്ന സര്‍വേകളില്‍ ഹേലി ഏറെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാലും ഏറ്റവും പ്രയാസകരമായ സാഹചര്യത്തില്‍ പോലും ദേശീയതയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഹേലി ഉറപ്പിച്ചു പറയുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ