ഹൈദരാബാദ്∙ ടിവി ചാനൽ അവതാരകനെ നിരന്തരം പിന്തുടരുകയും തട്ടിക്കൊണ്ടുപോയി മർദിക്കുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. തെലുങ്ക് ടിവി അവതാരകനായ പ്രണവ് സിസ്റ്റലയെ തട്ടിക്കൊണ്ടുപോയതിൽ ഡിജിറ്റൽ മാർക്കറ്റിങ് ബിസിനസ് ചെയ്യുന്ന ഹൈദരാബാദ് സ്വദേശിനി തൃഷ ബോഗിറെഡ്ഡി (31) ആണ് പിടിയിലായത്. ഇവരുടെ നാല് സഹായികളെയും തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു.
വൈവാഹിക വെബ്സൈറ്റിൽ അവതാരകന്റെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളുമായി രണ്ടുവർഷങ്ങൾക്ക് മുൻപാണ് തൃഷ സഹൃദം സ്ഥാപിക്കുന്നത്. ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്ന ചൈതന്യ റെഡ്ഡി എന്ന വ്യക്തിയുമായി തൃഷ ചാറ്റ് ചെയ്തിരുന്നു. ഇരുവരും അടുത്തതോടെ തന്റെ ബിസിനസിൽ 40 ലക്ഷം രൂപ നിക്ഷേപിക്കാൻ ചൈതന്യ റെഡ്ഡി ആവശ്യപ്പെട്ടു. യുപിഐ വഴി ഇയാൾക്ക് 40 ലക്ഷം രൂപ നൽകിയെന്നും എന്നാൽ പണം കൈപ്പറ്റിയ ശേഷം ഇയാൾ തന്നെ ഒഴിവാക്കാൻ തുടങ്ങിയെന്നും യുവതി പൊലീസിനോടു പറഞ്ഞു.
തുടർന്ന് പ്രൊഫൈലിൽനിന്നു കിട്ടിയ നമ്പറിൽ യുവതി ബന്ധപ്പെട്ടപ്പോൾ പ്രണവിനെയാണ് ലഭിച്ചത്. ചൈതന്യ റെഡ്ഡി എന്നയാൾ തന്റെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണിയിൽ വ്യാജ അക്കൗണ്ട് നിർമിച്ചിട്ടുണ്ടെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും തൃഷയെ പ്രണവ് അറിയിച്ചു. എന്നാൽ പിന്നീട് തൃഷ നിരന്തരം പ്രണവിന് സന്ദേശമയയ്ക്കാൻ തുടങ്ങി. മാട്രിമോണിയലിലെ ചിത്രം കണ്ട് ഇഷ്ടമായെന്ന് അറിയിച്ചായിരുന്നു സന്ദേശങ്ങൾ. ഇതോടെ തൃഷയെ പ്രണവ് ബ്ലോക്ക് ചെയ്തു.
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
പിന്നാലെ പ്രണവിനെ തട്ടിക്കൊണ്ടുപോകാൻ തൃഷ പദ്ധതിയിടുകയായിരുന്നു. പ്രണവിന്റെ നീക്കങ്ങളറിയാൻ കാറിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചു. നാലുപേരെ വാടകയ്ക്കെടുത്താണ് യുവതി തട്ടിക്കൊണ്ടുപോകൽ നടപ്പിലാക്കിയത്. ഫെബ്രുവരി 11ന് നാലംഗ സംഘം പ്രണവിനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫിസിൽ എത്തിച്ച് മർദിച്ച് അവശനാക്കി. യുവതിയുടെ ഫോൺകോളുകൾ സ്വീകരിക്കാം എന്ന ഉറപ്പിൽ അവതാരകനെ പിന്നീട് വിട്ടയച്ചു. പുറത്തിറങ്ങിയ പ്രണവ് പൊലീസിൽ പരാതി നൽകുകയും പൊലീസ് യുവതിയെയും തട്ടിക്കൊണ്ടുപോകാൻ സഹായിച്ച നാലുപേരെയും അറസ്റ്റു ചെയ്യുകയുമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക