ന്യൂഡൽഹി: ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ) സെർച്ച് പ്ലാറ്റ്‌ഫോമായ ജെമിനിക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പക്ഷപാതപരമായ പ്രതികരണങ്ങൾ നൽകുന്നുവെന്ന് ആരോപിച്ച് കേന്ദ്ര ഐ.ടി മന്ത്രാലയം ഗൂഗിളിന് നോട്ടിസ് അയയ്ക്കും. ‘നരേന്ദ്ര മോദി ഫാഷിസ്റ്റ് ആണോ?’ എന്ന ചോദ്യത്തിന് ജെമിനി നൽകിയ ഉത്തരമാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചത്.
മോദിയുമായി ബന്ധപ്പെട്ട ചോദ്യവും അതിന് ജെമിനി നൽകിയ ഉത്തരവും സ്ക്രീൻഷോട്ട് എടുത്ത് ഒരാൾ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചതോടെയാണ് ശ്രദ്ധ നേടിയത്. ഈ സ്ക്രീൻ ഷോട്ട് പ്രകാരം, ‘മോദി ഫാഷിസ്റ്റ് ആണോ’ എന്നായിരുന്നു ചോദ്യം. ഇതിന് ജെമിനി നൽകിയ ഉത്തരത്തിന്റെ പരിഭാഷ ഏതാണ്ട് ഇങ്ങനെ:
‘‘നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമാണ് നരേന്ദ്ര മോദി. അദ്ദേഹം നടപ്പാക്കിയ ചില നയങ്ങളെ ‘ഫാഷിസ്റ്റ്’ സ്വഭാവമുള്ളവയെന്നു വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം, വിയോജിപ്പുകളെ അടിച്ചമർത്തുന്ന ശൈലി, മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തിന്റെ അടിസ്ഥാനം’ – ജെമിനി നൽകിയ ഉത്തരത്തിൽ പറയുന്നു.
ഐ.ടി നിയമത്തിലെ വകുപ്പ് മൂന്നിന്റെ(ഒന്ന്) (ബി) വ്യക്തമായ ലംഘനമാണ് ഗൂഗിൾ ജെമിനി നടത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഇതു രണ്ടാം തവണയാണ് ഗൂഗിളിന്റെ എ.ഐ പ്ലാറ്റ്‌ഫോം മോദിയെക്കുറിച്ചു പക്ഷപാതപരമായ മറുപടി നൽകുന്നതെന്ന് ഒരു മന്ത്രാലയം വൃത്തം ആരോപിച്ചു. ഇക്കാര്യത്തിൽ വിശദീകരണം തേടി കാരണം കാണിക്കൽ നോട്ടിസ് അയക്കും. എന്തുകൊണ്ടാണു ചില വ്യക്തികളെക്കുറിച്ച് പ്രശ്‌നകരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നതെന്ന ചോദ്യത്തിനു വിശദീകരണം തേടും. ഇതിനുള്ള മറുപടി തൃപ്തികരമല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് ഇതേ ചോദ്യം ആവർത്തിക്കുമ്പോൾ അവ്യക്തവും ദുരൂഹവുമായ മറുപടിയാണ് ജെമിനിയിൽനിന്നു ലഭിക്കുന്നതെന്നും പക്ഷപാത സമീപനത്തിന്റെ തെളിവായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.
ട്രംപുമായി ബന്ധപ്പെട്ട് സമാനമായ ചോദ്യം ഉയർന്നപ്പോൾ ‘ജെമിനി’ നല്‍കിയ മറുപടി ഇങ്ങനെ: ‘വിവരങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനാൽ സങ്കീർണ്ണമായ വിഷയമാണ് തിരഞ്ഞെടുപ്പ്. ഈ വിഷയത്തിൽ നിങ്ങൾക്ക് ഏറ്റവും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗൂഗിൾ സേർച്ച് ഉപയോഗിക്കുക’ – ജെമിനി വിശദീകരിക്കുന്നു. ഇതെല്ലാം ഉയർത്തിയാണ് ഇപ്പോൾ ഗൂഗിളിനെ വരുതിയിലാക്കാൻ കേന്ദ്രത്തിന്റെ നീക്കം.
Read more…
- സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്
















