ബംഗളൂരു: കർണാടകയിൽ റാബി വിളയായി കടുക് മേൽക്കോയ്മ. രണ്ടാം വിളയിൽ ഇടം നേടാറുള്ള പലയിനം പയർ വർഗങ്ങൾക്കാവശ്യമായ ജലസേചനം സാധ്യമാകാത്തതാണ് കർഷകർ കടുകിലേക്ക് തിരിയാൻ കാരണം.
കൊപ്പൽ, റയ്ച്ചൂർ, ബല്ലാരി ജില്ലകളിലെ പാടങ്ങളിൽ കടുക് വിളവെടുപ്പിന് പാകപ്പെട്ടുവരുന്നു. തുംഗഭദ്ര അണക്കെട്ടിലെ വെള്ളം ആശ്രയിച്ച് നടത്തിവന്ന വിളകൾ മതിയായ മഴ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലാണ്. താരതമ്യേന കുറഞ്ഞതോതിൽ ജലസേചനം മതിയാകുന്ന കടുക് കൃഷി കൊപ്പൽ ജില്ലയിൽ 7000 ഹെക്ടറിൽ പരന്നുകിടക്കുന്നു.
49,000 ഹെക്ടർ പാടമുള്ള ജില്ലയിൽ അണക്കെട്ടിൽനിന്നുള്ള വെള്ളം ലഭിക്കാത്തതിനാൽ കുഴൽക്കിണർ ആശ്രയിച്ചാണ് 7000 ഹെക്ടറിൽ കൃഷിയിറക്കിയതെന്ന് കർഷകർ പറയുന്നു. കൊപ്പൽ, റയ്ച്ചൂർ, ബല്ലാരി, വിജയനഗര ജില്ലകളിലെ 9.26 ലക്ഷം ഏക്കർ പാടങ്ങളിലാണ് ഭദ്രാവതി അണക്കെട്ടിൽനിന്നുള്ള വെള്ളം ലഭിക്കേണ്ടത്.
ദശകമായി ഇതിന്റെ തോത് കുറഞ്ഞ് ഒട്ടും ലഭിക്കാത്ത അവസ്ഥയിലെത്തി. നിലമൊരുക്കാനും കാലിത്തീറ്റയായും വളർത്തിയ കടുക് വരുമാനമാർഗമായി സ്വീകരിച്ചത് നാലുവർഷം മുമ്പാണെന്ന് കൊപ്പലിലെ കർഷകൻ കൊറട്ടാഗി രാമണ്ണ പറഞ്ഞു. കടുകിന് വിപണിയിൽ ക്വിന്റലിന് 8000 രൂപ വില കിട്ടുന്നുണ്ട്. വിത്തിനും വളത്തിനുമായി 3000 രൂപയാണ് ചെലവ്. ഏക്കർ കടുക് കൃഷിയിലൂടെ 15,000-20,000 രൂപ വരെ വരുമാനമുണ്ടാക്കാനാകുന്നുണ്ട്.
അടുത്ത മാസാവസാനം തന്റെ ഏഴ് ഏക്കറിൽ നിന്ന് 60,000-70,000 രൂപയുടെ വിള പ്രതീക്ഷിക്കുന്നു. അടുത്ത ഖാരിഫ്(ഒന്നാം വിള) കൃഷിക്കാവശ്യമായ പണം വായ്പ ആശ്രയിക്കാതെ കടുകിലൂടെ സമ്പാദിക്കാനാകുമെന്ന സന്തോഷത്തിലാണ് രാമണ്ണ. നല്ല പ്രോത്സാഹനം നൽകേണ്ട മേഖലയാണ് കടുക് കൃഷിയെന്ന് കൊപ്പൽ ജില്ല കൃഷി ജോ. ഡയറക്ടർ രുദ്രേശപ്പ പറഞ്ഞു. 60-70 ദിവസത്തിൽ വിളവെടുപ്പ് സാധ്യമാകുന്നതാണ് ഇതിന്റെ ആകർഷണം.
Read more :
- കൊയിലാണ്ടിയിൽ സിപിഎം ലോക്കല് സെക്രട്ടറിയെ വെട്ടിക്കൊന്നു
- ഇന്ന് കരിദിനം; വൻ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ
- പരീക്ഷാപ്പേടി അകറ്റാം; SSLC, +2 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംവിധാനം ഇന്നു മുതൽ
- സർക്കാർ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കുന്നത് ജനാധിപത്യത്തിൻ്റെ മരണ മണിമുഴക്കും: ജസ്റ്റിസ് കെ.എം ജോസഫ്
- മണിപ്പുർ കലാപത്തിനു വഴിവച്ച വിവാദ നിർദേശം നീക്കം ചെയ്ത് മണിപ്പുർ ഹൈക്കോടതി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക