ന്യൂഡൽഹി: ശംഭു അതിർത്തിയിൽ പ്രതിഷേധവുമായി തുടരുന്ന കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്. കർഷകർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കർഷക നേതാക്കൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താനുള്ള നടപടികൾ ആരംഭിച്ചുവെന്ന് അംബാല പൊലീസ് എക്സിലൂടെ വ്യക്തമാക്കി. കർഷകർ ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുത്ത നടപടികളുമായി പൊലീസ് രംഗത്തെത്തുന്നത്.
പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ കർഷകരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കുമെന്നും ഹരിയാന പൊലീസ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ഇതിന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം, കർഷകർ ഇന്ന് കറുത്ത വെള്ളിയായി ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ഖാനുരി അതിർത്തിയിൽ കർഷകൻ മരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
ഖനൗരി അതിർത്തിയിൽ സമരം ചെയ്തിരുന്ന പഞ്ചാബ് ഭട്ടിണ്ഡ സ്വദേശി 24കാരൻ ശുഭ് കരൺ സിങ്ങാണ് ബുധനാഴ്ച മരിച്ചത്. അതിനെ തുടർന്ന് കർഷകർ പ്രതിഷേധം താൽക്കാലികമായി നിർത്തിയിരുന്നു. തലയുടെ പിൻഭാഗത്ത് മുറിവേറ്റാണ് ശുഭ് കരൺ മരിച്ചതെന്ന് രജീന്ദ്ര ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹർനം സിങ് രേഖി പറഞ്ഞു. മരണകാരണം വെടിയേറ്റ പരിക്കായിരിക്കാമെന്നും എന്നാൽ കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം അറിയിച്ചു. റബർ ബുള്ളറ്റ് ശുഭ് കരണിന്റെ തലയിൽ പതിച്ചെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് പഞ്ചാബ് പട്യാല റേഞ്ച് ഡി.ഐ.ജി വ്യക്തമാക്കി. ഈ ആരോപണം ഹരിയാന പൊലീസ് നിഷേധിച്ചു.
അതേസമയം, കർഷകസമരത്തിൽ അണിചേരുമെന്ന് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). 2020–21ൽ നടന്ന കർഷകപ്രക്ഷോഭത്തിൽ മുൻനിരയിൽനിന്ന സംഘടനയാണ് എസ്കെഎം. ഫെബ്രുവരി 26ന് ദേശീയതലത്തിൽ ട്രാക്ടർ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും മാർച്ച് 14ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ അഖിലേന്ത്യാ അഖില കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുമെന്നും അവർ പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കുന്നതാണ് പ്രഖ്യാപനം.