ദുബൈ – യു.എ.ഇയിൽ ദമ്പതികളിൽ 25 ശതമാനം പേരും (നാലിലൊന്ന് ദമ്പതിമാർ) കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുന്നതായി പഠനം. രാജ്യത്ത് പരമ്പരാഗതമായി വലിയ കുടുംബങ്ങളുണ്ടെങ്കിലും സാമൂഹിക വ്യതിയാനങ്ങൾ, സാമ്പത്തിക സമ്മർദ്ദങ്ങൾ, മാറിയ ജീവിതശൈലി മുൻഗണനകൾ എന്നിവ മൂലം പ്രസവം വൈകുന്നതിനും ജനനനിരക്ക് കുറയുന്നതിനും ഇത് കാരണമാകുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തി.
1990 മുതൽ 2009 വരെ യു.എ.ഇ ഉൾപ്പെടെ എല്ലാ ജി.സി.സി രാജ്യങ്ങളിലെയും ജനനനിരക്കിൽ കാര്യമായ മാറ്റം സംഭവിച്ചതായി റിപ്രൊഡക്റ്റീവ് ഹെൽത്ത് ജേർണൽ വ്യക്തമാക്കുന്നു. പ്രവാസി ജനസംഖ്യയിൽ യു.എ.ഇയുടെ മൊത്തം ജനന നിരക്ക് ഗണ്യമായി കുറഞ്ഞതായും പഠനത്തിലുണ്ട്. 1990-ൽ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികളുണ്ടായെങ്കിൽ 2019-ലത് 1.4 ആയി കുറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി ആദ്യമായി അമ്മമാരാകുന്നവരുടെ ശരാശരി പ്രായം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. സ്ഥിതിവിവരക്കണക്ക് പ്രകാരം 2010-ൽ അമ്മമാരുടെ ശരാശരി പ്രായം 26 വയസ്സായിരുന്നുവെങ്കിൽ 2020-ലത് 30 വയസ്സായി ഉയർന്നു. വൈകിയുള്ള ഗർഭധാരണം പല തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നതായും ഡോക്ടർമാർ വ്യക്തമാക്കുന്നു.
തങ്ങളുടെ തൊഴിലുകൾ വികസിപ്പിക്കുന്നതിനോ സാമ്പത്തിക ഭദ്രത നേടുന്നതിനോ വേണ്ടി നാലിലൊന്ന് ദമ്പതികൾ കുട്ടികളെ ജനിപ്പിക്കുന്നത് മാറ്റിവെക്കുന്നതായി അജ്മാനിലെ തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അമൽ ഹസൻ അബ്ദുൽ അസീസ് പറഞ്ഞു.
വൈകിയുള്ള ഗർഭധാരണം പല വെല്ലുവിളികളും ഉയർത്തുന്നതായും ഡോക്ടർമാർ വിശദീകരിക്കുന്നു. ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി 20 വയസ്സുകളുടെ തുടക്കത്തിലും മധ്യത്തിലും ഉയരുകയും 20-കളുടെ അവസാനത്തോടെ കുറയാൻ തുടങ്ങുകയും ചെയ്യുന്നു. ഈ കുറവ് 35നുശേഷം ത്വരിതപ്പെടുകയും പ്രായം 40നു ശേഷമാകുമ്പോഴേക്കും ഗണ്യമായി കുറയുകയും ചെയ്യുന്നു. ഇത് ഗർഭം അലസലിന്റെയും ജനനവൈകല്യങ്ങളുടെയും സാധ്യത കൂട്ടുന്നതായും ദുബൈ അൽസഹ്റ ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. ഹൊദ സൊളിമാൻ പറഞ്ഞു.
ജീവിതത്തിൽ കുറച്ച് കഴിഞ്ഞ് ഒരു കുടുംബം ആരംഭിക്കുന്നത് ഇപ്പോൾ സാധാരണമാണ്. സമീപകാല കണക്കുകളനുസരിച്ച് 35നും 40നും ശേഷമുള്ള ഗർഭധാരണം ഗണ്യമായി വർധിച്ചു. മുമ്പ് മുപ്പതാം വയസ്സിൽ കുട്ടികൾ ഉണ്ടാകുന്നത് വൈകിയാണെന്ന് കണക്കാക്കിയെങ്കിൽ ഇന്നത് നാൽപ്പത് വയസ്സിലേക്ക് നീളുന്നു. ഗർഭധാരണം വൈകുന്നതിനനുസരിച്ച് സങ്കീർണതകൾക്കും സാധ്യത കൂടിവരികയാണെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി.
ഗർഭകാലത്തെ പ്രമേഹം, രക്താതിമർദ്ദം, ശസ്ത്രക്രിയാ സാധ്യത കൂട്ടുന്ന വിവിധ ഘടകങ്ങൾ എന്നിവ ഗർഭാവസ്ഥയിലെ ആരോഗ്യസ്ഥിതിയുടെ അപകടസാധ്യതകളിൽ ഉൾപ്പെടുമെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. ഡൗൺ സിൻഡ്രോം പോലുള്ള ശിശുക്കളിലെ ക്രോമസോം അസാധാരണത്വത്തിനുള്ള സാധ്യതയും ഇത് വർധിപ്പിച്ചേക്കുമെന്ന് ഡോ. സൊളിമാൻ അഭിപ്രായപ്പെട്ടു.
കുട്ടികൾ വൈകി മതിയെന്ന് ആഗ്രഹിക്കുന്ന ഏതൊരു ദമ്പതികളും വിവാഹത്തിന് മുമ്പേ വൈദ്യോപദേശം തേടി, ഗുണദോഷങ്ങൾ തീർത്ത് കൗൺസലിങ്ങിന് പോയി മികച്ച മെഡിക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കണമെന്ന് പ്രൈം ഹോസ്പിറ്റലിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിലെ (സ്ത്രീ പരിചരണം) ഡോ. ലുബ്ന സലാം പ്രതികരിച്ചു. നിർഭാഗ്യവശാൽ, എല്ലാ ദമ്പതികൾക്കും ഭാവിയിൽ കുട്ടികളുണ്ടാകില്ലെന്നും അതിനാൽ, കുട്ടികൾ വൈകി മതിയെന്ന് തീരുമാനിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോക്ടർ ഓർമിപ്പിച്ചു.
ജീവിത തിരക്കുകളും കുടുംബ പ്രയാസങ്ങളും ജോലി സമ്മർദ്ദങ്ങളും അടക്കമുള്ള വിവിധ കാരണങ്ങളാൽ കുട്ടികളുണ്ടാകൽ വൈകിപ്പിച്ച ജോർദ്ദാനിയൻ ദമ്പതികൾ ഉൾപ്പെടെയുള്ള വിവിധ ദമ്പതികളുടെ ചില അനുഭവങ്ങളും ബന്ധപ്പെട്ടവർ ഗൗരവത്തോടെ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ