കുവൈത്ത് സിറ്റി ∙ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ)യുടെ 2023 ഡിസംബർ അവസാനം വരെയുള്ള സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 15.46 ലക്ഷം പൗരന്മാരും 33 ലക്ഷം പ്രവാസികളും ഉൾപ്പെടെ 2023 അവസാനത്തോടെ കുവൈത്തിലെ ജനസംഖ്യ 48.59 ലക്ഷത്തിലെത്തി.
2022-ലെ 47 ലക്ഷത്തിൽ നിന്നും 2.6 ശതമാനം വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ വിദേശി സമൂഹങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 2022 -നെ അപേക്ഷിച്ച് നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഈജിപ്തുകാരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കുവൈത്ത് ജനസംഖ്യയുടെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ളവരെ യഥാക്രമം പരിശോധിച്ചാൽ പ്രവാസി ജനതയിലെ 30 ശതമാനവും ഇന്ത്യക്കാരാണ് ഉള്ളത്. അകെ ജനസംഖ്യയുടെ 32 ശതമാനം ആണ് കുവൈത്ത് പൗരന്മാർ. ജനസംഖ്യയുടെ ആദ്യ പത്ത് സ്ഥാനങ്ങളുടെ സംക്ഷിപ്തരൂപം ചുവടെ.
1. കുവൈത്ത് ∙ മൊത്തം ജനസംഖ്യയുടെ 32 ശതമാനം – 15.46 ലക്ഷം. 2022-ലെ 15.17 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ കുവൈത്തികളുടെ എണ്ണം ഏകദേശം രണ്ട് ശതമാനം അഥവാ 28,690 വർധിച്ചു.
2. ഇന്ത്യ ∙ മൊത്തം ജനസംഖ്യയുടെ 21 ശതമാനം – 10 ലക്ഷത്തിലധികം. രാജ്യത്തെ മൊത്തം പ്രവാസികളുടെ 30 ശതമാനവും ഇന്ത്യക്കാരാണ്. എണ്ണം കഴിഞ്ഞ വർഷം 3.6 ശതമാനം അഥവാ 34,950 വർധിച്ചു.
3. ഈജിപ്ത് ∙ മൊത്തം ജനസംഖ്യയുടെ 13 ശതമാനം – 6.44 ലക്ഷം. 2022-ലെ 6.55 നെ അപേക്ഷിച്ച് 2023ൽ എണ്ണം 1.6 ശതമാനം അല്ലെങ്കിൽ 10,790 ആയി കുറഞ്ഞെങ്കിലും, മൊത്തം പ്രവാസികളുടെ എണ്ണത്തിന്റെ 19 ശതമാനം ഈജിപ്ത് പൗരമാരാണ്.
4. ബംഗ്ലാദേശ് ∙ മൊത്തം ജനസംഖ്യയുടെ ആറ് ശതമാനം – 2.74 ലക്ഷം; മൊത്തം പ്രവാസികളുടെ എണ്ണത്തിന്റെ എട്ട് ശതമാനം.
5. ഫിലിപ്പീൻസ് ∙ ജനസംഖ്യയുടെ അഞ്ച് ശതമാനം – 2.67ലക്ഷം ; മൊത്തം പ്രവാസികളുടെ എണ്ണത്തിന്റെ ഏകദേശം എട്ട് ശതമാനം.
6. സിറിയ ∙ ജനസംഖ്യയുടെ മൂന്ന് ശതമാനം – 1.61 ലക്ഷം മൊത്തം പ്രവാസികളുടെ എണ്ണത്തിന്റെ അഞ്ച് ശതമാനം.
7. ശ്രീലങ്ക ∙ ജനസംഖ്യയുടെ ഏകദേശം മൂന്ന് ശതമാനം – 1.45 ലക്ഷം; മൊത്തം പ്രവാസികളുടെ എണ്ണത്തിന്റെ നാല് ശതമാനം.
8. സൗദി അറേബ്യ ∙ ജനസംഖ്യയുടെ ഏകദേശം മൂന്ന് ശതമാനം – 1.39 ലക്ഷം; മൊത്തം പ്രവാസികളുടെ എണ്ണത്തിന്റെ ഏകദേശം നാല് ശതമാനം.
9. നേപ്പാൾ ∙ ജനസംഖ്യയുടെ രണ്ട് ശതമാനം – 1.07 ലക്ഷം; മൊത്തം പ്രവാസികളുടെ മൂന്ന് ശതമാനം.
10. പാക്കിസ്ഥാൻ ∙ ജനസംഖ്യയുടെ രണ്ട് ശതമാനം – 91,950; മൊത്തം പ്രവാസികളുടെ ഏകദേശം മൂന്ന് ശതമാനം.
മറ്റ് രാജ്യക്കാർ മൊത്തം ജനസംഖ്യയുടെ 10 ശതമാനമാണ് ഉള്ളത് – 4.80 ലക്ഷം; മൊത്തം പ്രവാസികളുടെ 14 ശതമാനം വരുമിത് . കൂടാതെ, 2023-ൽ തൊഴിലാളികളുടെ എണ്ണം 29.7 ലക്ഷത്തിൽ അഥവാ മൊത്തം ജനസംഖ്യയുടെ 61 ശതമാനത്തിൽ എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 25 ലക്ഷമാണ്. മൊത്തം തൊഴിലാളികളുടെ 30 ശതമാനം അഥവാ 8,85,900 പേരുമായി ഇന്ത്യക്കാർ തന്നെയാണ് തൊഴിലാളികളുടെ എണ്ണത്തിലും മുന്നിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ