ന്യൂഡൽഹി: പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് സ്റ്റേ ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കോൺഗ്രസ് പ്ലാൻ ബി തയ്യാറാക്കുന്നു. ക്രൗഡ് ഫണ്ടിംഗ്, സംസ്ഥാന തലത്തിലെ ഫണ്ട് സമാഹരണം എന്നിവയാണ് കോൺഗ്രസിന്റെ പ്ലാൻ ബി യിലെ പ്രധാന നിർദേശങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഐ.ടി. വകുപ്പിന്റെ തീരുമാനത്തിന് സ്റ്റേ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. രാഷ്ട്രീയ പാർട്ടികൾക്ക് ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ബി.ജെ.പി. ഉൾപ്പടെയുള്ള പാർട്ടികൾ ആദായനികുതി അടയ്ക്കാറുമില്ല. അതിനാൽ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇടക്കാല ഉത്തരവ് ലഭിച്ചില്ലെങ്കിൽ പാർട്ടിയുടെ തിരെഞ്ഞെടുപ്പ് പ്രവർത്തനം അവതാളത്തിലാകുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആശങ്ക. അതിനാലാണ് ഒരു പ്ലാൻ ബിയെക്കുറിച്ച് പാർട്ടി സജീവമായി ആലോചിക്കുന്നത്. പാർട്ടി സമീപ കാലത്ത് നടത്തിയ ക്രൗഡ് ഫണ്ടിങ്ങിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്ലാൻ ബിയിൽ പാർട്ടി പരിഗണന നൽകുന്നത് ക്രൗഡ് ഫണ്ടിങ്ങിനാണ്.
സംസ്ഥാനതലങ്ങളിൽ നിന്ന് ഫണ്ട് സമാഹരണമാണ് പ്ലാൻ ബിയിൽ പരിഗണിക്കുന്ന മറ്റൊരു നിർദേശം. ബി.ജെ.പി. സർക്കാരിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകുമെന്ന ഭീതി കാരണം വൻകിട കോർപ്പറേറ്റുകളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾ കുറവായിരിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് ആദായ നികുതിവകുപ്പ് അപ്പലേറ്റ് ട്രിബ്യുണലിനെ സമീപിച്ചിട്ടുണ്ട്. അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചെങ്കിലും 115 കോടി രൂപ മരവിപ്പിച്ചു നിർത്താൻ ബാങ്കുകൾക്ക് ആദായനികുതി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ട്രിബ്യുണലിൽ കേസ് നിലനിൽക്കെയാണ്, കഴിഞ്ഞ ദിവസം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ. എന്നിവയുടെ അക്കൗണ്ടുകളിൽ നിന്ന് 65 കോടിയോളം രൂപ ഈടാക്കിയത്.
ആദായ നികുതി വകുപ്പിന്റെ നടപടികൾ യാദൃശ്ചികമല്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. 2017-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ആണ് മോദി സർക്കാർ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. ഇത് ഉത്തർപ്രദേശിലെ പല പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും തിരെഞ്ഞെടുപ്പ് പ്രവർത്തത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഇതേ മാതൃകയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയെ സാമ്പത്തികമായി തകർക്കുന്ന ഭീകരപ്രവർത്തനം കേന്ദ്ര സർക്കാർ നടത്തുന്നത് എന്നാണ് കോൺഗ്രസിന്റെ ആരോപണം.