കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധൻ ; കരിമ്പിന്റെ ന്യായവില ഉയർത്തിയ തീരുമാനം പ്രശംസനീയമെന്ന് മോദി

ന്യൂഡൽഹി : ‘ദില്ലി ചലോ’ മാർച്ചുമായി കർഷക സമരം തുടരുന്നതിനിടെ കർഷകർക്ക് അനുകൂല പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കരിമ്പിന്റെ താങ്ങുവില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പ്രശംസിച്ചുകൊണ്ടായിരുന്നു പരാമർശം.

‘‘രാജ്യത്തെ കർഷകരായ സഹോദരീസഹോദരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടു തീരുമാനങ്ങളെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ പശ്ചാത്തലത്തിലാണു കരിമ്പിന്റെ താങ്ങുവില ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിൽ വർധിപ്പിച്ചത്. കോടിക്കണക്കിനു കരിമ്പു കർഷകർക്ക് ഗുണകരമാകുന്ന നടപടിയാണിത്’’– മോദി പറഞ്ഞു.

Read More :   

   

2024-25 സീസണില്‍ കരിമ്പിന് ക്വിന്റലിന് 340 രൂപ എന്ന നിരക്കില്‍ ന്യായവും ലാഭകരവുമായ വില (എഫ്ആര്‍പി) നിശ്ചയിക്കാൻ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി അംഗീകാരം നല്‍കിയിരുന്നു. 2023-24 സീസണിലെ കരിമ്പിന്റെ എഫ്ആര്‍പിയേക്കാള്‍ 8% കൂടുതലാണ് ഈ വിലയെന്നു കേന്ദ്ര സർക്കാർ പറഞ്ഞു.