മുംബൈ : ഷീന ബോറ വധക്കേസിലെ പ്രധാന പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പരമ്പരയുടെ നാളത്തെ റിലീസ് നെറ്റ്ഫ്‌ളിക്‌സ് മാറ്റി. കേസ് പരിഗണിക്കുന്ന സിബിഐ ഉദ്യോഗസ്ഥര്‍ പരമ്പര കണ്ട ശേഷം നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഫെബ്രുവരി 29 വരെ പരമ്പര പ്രദര്‍ശിപ്പിക്കില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.
കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ പരമ്പരയുടെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കേസ് അന്വേഷിക്കുന്ന സിബിഐയ്ക്ക് വേണ്ടി പ്രത്യേക സ്‌ക്രീനിങ് നടത്താന്‍ പരമ്പരയുടെ നിര്‍മ്മാതാക്കളോട് ഹൈക്കോടതി നിര്‍ദേശിച്ചു. പരമ്പര കാണാന്‍ എന്തുകൊണ്ട് സിബിഐയെ അനുവദിക്കുന്നില്ല? ഡോക്യുമെന്ററി പരമ്പര സിബിഐയുമായി പങ്കുവെയ്ക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ട്? എന്നി ചോദ്യങ്ങള്‍ വാദത്തിനിടെ കോടതി ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് പരമ്പരയുടെ പ്രദര്‍ശനം ഒരാഴ്ച നീട്ടിവെച്ചതായി നെറ്റ്ഫ്‌ളിക്‌സ് കോടതിയെ അറിയിച്ചത് .
ഇത് പ്രീ സെന്‍സര്‍ഷിപ്പിന് തുല്യമാണെന്ന് പറഞ്ഞ് തുടക്കത്തില്‍ നെറ്റ്ഫ്‌ളിക്‌സ് സിബിഐ ഹര്‍ജിയെ എതിര്‍ത്തിരുന്നു. പരമ്പരയ്ക്കെതിരെ സിബിഐ നേരത്തെ കോടതിയെ സമീപിക്കേണ്ടതായിരുന്നുവെന്നും അവസാന നിമിഷം വരെ കാത്തിരിക്കേണ്ടതില്ലായിരുന്നുവെന്നും നെറ്റ്ഫ്‌ളിക്‌സ് വാദിച്ചു. എന്നാല്‍ കേസില്‍ വിചാരണ തുടരുകയാണെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി വരികയാണെന്നും കോടതി വ്യക്തമാക്കി. പ്രദര്‍ശനം ഒരാഴ്ച കൂടി നീട്ടിവെച്ചത് കൊണ്ട് ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്നും കോടതി നിരിക്ഷിച്ചു.
ഷാന ലെവി, ഉറാസ് ബാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോക്യു സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രാണി മുഖര്‍ജി, മക്കളായ വിധി മുഖര്‍ജി, മിഖൈല്‍ ബോറ എന്നിവരും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യ വിവാഹത്തിലെ മകള്‍ ഷീന ബോറയെ (25) 2012ല്‍ ശ്വാസംമുട്ടിച്ചു കൊന്നെന്ന കേസില്‍ പിടിയിലായ ഇന്ദ്രാണി 2015 മുതല്‍ വിചാരണത്തടവിലായിരുന്നു. 2022ല്‍ ഇന്ദ്രാണിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താക്കന്‍മാരായ സഞ്ജീവ് ഖന്നയും പീറ്റര്‍ മുഖര്‍ജിയും കേസില്‍ പ്രതികളാണ്.