ശീതീകരിച്ച ഭ്രൂണങ്ങൾ നിയമപ്രകാരം കുട്ടികളാണെന്ന അലബാമ സുപ്രീം കോടതിവിധി ചർച്ചയാകുന്നു

അലബാമ : ശീതീകരിച്ച ഭ്രൂണങ്ങളെ നിയമപ്രകാരം കുട്ടികളായി കരുതണമെന്ന് യുഎസിലെ അലബാമ സുപ്രീം കോടതിയുടെ വിധി. ഭ്രൂണത്തെ നശിപ്പിച്ചാല്‍ ആര്‍ക്കെതിരെയും കേസെടുക്കാമെന്നാണ് വിധി പറയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ശീതീകരിച്ച ഭ്രൂണങ്ങള്‍ നശിക്കപ്പെട്ടുവെന്ന് കാണിച്ച് മൂന്ന് ദമ്പതികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ വിധി. ഐവിഎഫ് ചികിത്സാ രംഗത്ത് വിധി ഏറെ ചര്‍ച്ചയായിട്ടുണ്ട്. നിയമത്തില്‍ വ്യക്തത വരുന്നതു വരെ ചികിത്സ നിര്‍ത്തിവയ്ക്കുകയാണെന്ന് ചില സ്ഥാപനങ്ങള്‍ അറിയിച്ചു.

 

Read More : 

    

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് കേസ് കൊടുക്കാന്‍ അനുവദിക്കുന്ന 1872 ലെ സ്റ്റേറ്റ് ചട്ടം, അലബാമ ഭരണഘടനയിലെ ഗര്‍ഭച്ഛിദ്ര വിരുദ്ധ ഭാഗങ്ങള്‍ എന്നിവ കോടതി ഉദ്ധരിച്ചു. സ്ഥലം പരിഗണിക്കാതെ, എല്ലാ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഇവ ബാധകമാണെന്നും ജഡ്ജിമാര്‍ വിധിച്ചു. ഭ്രൂണത്തെ നശിപ്പിച്ചതിന് ആര്‍ക്കെതിരെയും കേസെടുക്കാമെന്ന് സൂചിപ്പിക്കുന്ന വിധി, ഫെര്‍ട്ടിലിറ്റി ചികിത്സകളിലും ഭ്രൂണങ്ങള്‍ ശീതികരിക്കുന്നതിലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളില്‍ കൂടുതല്‍ ജാഗ്രതാ വേണമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.