ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും സസ്‌പെന്‍ഡ് ചെയ്തതായി എക്‌സ് അറിയിച്ചു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് ടീം ആണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചെങ്കിലും, കേന്ദ്രത്തിന്റെ നടപടിയോട് കടുത്ത വിയോജിപ്പുണ്ട്. അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി തുടര്‍ന്നും ശക്തമായി നിലകൊള്ളുമെന്നും എക്‌സ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ റിട്ട് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും എക്‌സ് വ്യക്തമാക്കി.
നിയമപരമായ നിയന്ത്രണങ്ങള്‍ കാരണം, എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയില്ല, പക്ഷേ അവ പരസ്യമാക്കുന്നത് സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വെളിപ്പെടുത്താതിരിക്കുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നും പോസ്റ്റില്‍ എക്‌സ് കൂട്ടിച്ചേര്‍ത്തു
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കേന്ദ്ര ഐടി മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌മോഫുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനായിരുന്നു നിര്‍ദേശം. നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഐടി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ( എക്‌സ്), സ്‌നാപ് ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലാണ്.