40 അഭിഭാഷകർക്കെതിരെ കേസെടുത്ത സംഭവം: എസ്ഐക്ക് സസ്പെൻഷൻ

 ബെംഗളൂരു:  രാമനഗര കോടതിയിലെ 40 അഭിഭാഷകർക്ക് എതിരെ കേസെടുത്ത സംഭവത്തിൽ നിയമസഭയിൽ ബിജെപി പ്രതിഷേധം ശക്തമായതിനു പിന്നാലെ എസ്ഐയെ  സർക്കാർ സസ്പെൻഡ് ചെയ്തു. ഇജൂർ സ്റ്റേഷനിലെ എസ്ഐ തൻവീർ ഹുസൈനു എതിരെയാണ് നടപടി.  

   ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് അനുമതി നൽകിയ വാരാണസി കോടതി ജ‍ഡ്ജിക്കെതിരെ ചാൻ പാഷയെന്ന അഭിഭാഷകൻ അപകീർത്തിപരമായ പരാമർശം നടത്തിയതാണു സംഭവങ്ങൾക്കു തുടക്കമിട്ടത്. തുടർന്ന് പാഷയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച 40 അഭിഭാഷകർക്ക് എതിരെ എസ്ഐ തൻവീർ ഹുസൈൻ കേസെടുത്തു.  ഇതു പാഷയെ സഹായിക്കാനാണെന്നു ആരോപിച്ചാണു രാമനഗര അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചത്. 

   ഹുസൈന്റെ നടപടി ഏകപക്ഷീയമാണെന്നും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആർ.അശോക നിയമസഭയിലും ആവശ്യപ്പെട്ടു. ഇതോടെയാണ് ഹുസൈനെ സസ്പെൻഡ് ചെയ്തെന്നും സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചത്. എന്നാൽ രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് മേഖലയിലെ സമാധാനം തകർക്കാൻ ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമിയും ബിജെപിയും വിഷയം ഉപയോഗിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആരോപിച്ചു. 

Read More:

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക