തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.കെ.എം. എബ്രഹാമിന് കാബിനറ്റ് പദവി നല്‍കാനുള്ള മന്ത്രിസഭ യോഗം തീരുമാനം സംസ്ഥാനത്തിനുണ്ടാക്കുന്നത് മൂന്ന് കോടിയുടെ അധികബാധ്യത. ക്യാബിനറ്റ് പദവി ലഭിക്കുന്നതോടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ 25 പേഴ്‌സണല്‍ സ്റ്റാഫുകള്‍, 12 താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരെ എബ്രഹാമിന് നിയമിക്കാം. പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് 2 വര്‍ഷം കഴിഞ്ഞാല്‍ ആജീവനാന്തം പെന്‍ഷനും അർഹത ലഭിക്കും. ഉദ്യോഗസ്ഥ പദവിയിലുള്ള ഒരാൾക്ക് കാബിനറ്റ് പദവി നൽകുന്നത് അപൂർവ്വങ്ങളിൽ ആപൂർവ്വമാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന സുധാകര പ്രസാദിന് കാബിനറ്റ് പദവി നൽകിയിരുന്നു.
ക്യാബിനറ്റ് പദവിയായതിനാൽഔദ്യോഗിക വസതിയും വാഹനവും ലഭിക്കും. വാഹനത്തില്‍ മുന്നില്‍ പൈലറ്റ് വാഹനവും ഉണ്ടാകും അഞ്ചോളം പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസര്‍മാരെയും നിയമിക്കാം. ഒരു കി.മി എബ്രഹാം സഞ്ചരിച്ചാല്‍ 15 രൂപ യാത്ര ബത്തയായും സർക്കാർ നൽകും. ചുരുക്കിപ്പറഞ്ഞാൽ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ പൂച്ച പെറ്റ് കിടക്കുന്ന ഖജനാവിന് കോടികളുടെ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സാരം. കിഫ്ബിയില്‍ ജോയിന്റ് ഫണ്ട് മാനേജരായിരുന്ന ആനി ജൂല തോമസ് എബ്രഹാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുമെന്നാണ് ചില കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇവര്‍ക്ക് അടുത്തിടെ ഐഎഎസ് കണ്‍ഫര്‍ ചെയ്തു കിട്ടിയിരുന്നു.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തിന് പുറമെ, കിഫ്ബി സിഇഒ, കെ-ഡിസ്ക് എക്സിക്യുട്ടിവ് വൈസ് ചെയർപേഴ്സൺ പദവികളും നിലവിൽ മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ.എം. എബ്രഹാമിനുണ്ട്. 2018 ല്‍ ചീഫ് സെക്രട്ടറി ആയി വിരമിച്ചതിനു ശേഷം 3.50 ലക്ഷം രൂപയ്ക്ക് കരാര്‍ നിയമനത്തില്‍ കിഫ്ബി സിഇഒ ആയി പ്രവര്‍ത്തിക്കുകയാണ് എബ്രഹാം. 65 വയസു കഴിഞ്ഞാല്‍ സിഇഒ കസേരയില്‍ തുടരാൻ ചട്ടമില്ലായിരുന്നു. അതിനാൽ ഡിഇഒ പ്രായ പരിധി 65 ല്‍ നിന്ന് എഴുപതായി ഉയർത്തിയാണ് മുഖ്യമന്ത്രി എബ്രഹാമിനെ തൽസ്ഥാനത്ത് പ്രതിഷ്ടിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വ്യാപകമായ വിമർശനമായിരുന്നു അന്ന് അതിനെതിരെ ഉയർന്നത്.
നിലവിലുള്ള പദവികളിൽ ഇരുന്നു കൊണ്ട് സംസ്ഥാനത്തിന് എബ്രഹാം നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് കാബിനറ്റ് പദവി നൽകുന്നതെന്നാണ് സർക്കാരിൻ്റെ ഔദ്യോഗിക വിശദീകരണം. നിലവിൽ മന്ത്രിസഭ അംഗങ്ങൾക്കും പ്രതിപക്ഷ നേതാവിനും പുറമെ, ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവർക്കും കാബിനറ്റ് പദവിയുണ്ട്. കാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. എ.കെ ബാലനും പി.കെ ശ്രീമതിയും ഭരണപരിഷ്‌കാര കമ്മീഷന്‍ കസേര ലക്ഷ്യം വെച്ച് നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനായ എ.കെ.ബാലന് നറുക്ക് വീഴുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമുണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ, മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള, ചീഫ് വിപ്പ് കെ. രാജൻ, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ. സമ്പത്ത് എന്നിവർക്കും കാബിനറ്റ് പദവി നൽകിയിരുന്നു.
അതേസമയം, മസാലബോണ്ടുമായി ബന്ധപ്പെട്ട് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് സിഇഒ ആയ കെ.എം. എബ്രഹാമിന് കാബിനറ്റ് പദവി നൽകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കിഫ്ബിയുടെ മസാല ബോണ്ട് ക്രമക്കേടില്‍ ഐസക്കും എബ്രഹാമും അറസ്റ്റിൻ്റെ നിഴലിലാണ്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഹൈക്കോടതിയില്‍ ഇരുവരും ഹർജി നൽകിയിരിക്കുകയാണ്. ഈ ഹർജി ഹൈക്കോടതി തള്ളിയാല്‍ സുപ്രീംകോടതിയില്‍ പോകാനാണ് ഇരുവരുടെയും നീക്കം.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവും നിലവിൽ കെ.എം എബ്രഹാമെതിനെതിരേയുണ്ട്. ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. 2015 ൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹർജി കക്ഷികളുടെ വാദം പൂർത്തിയാക്കി ജസ്റ്റിസ് കെ. ബാബു വിധി പറയാനിരിക്കെയാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ൽ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് കെ.എം. എബ്രഹാമിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കേസുണ്ട്. ഇതിനിടെയാണ് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജോമോൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വിവിധ കേസുകളിൽ തൻ്റെ അറസ്റ്റ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകും എന്നും അതുകൊണ്ട് തനിക്ക് കാബിനറ്റ് റാങ്ക് തരണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതും എബ്രഹാമാണ് എന്നും സൂചനയുണ്ട്. കാബിനറ്റ് പദവിയുള്ള വ്യക്തിയെ ചോദ്യം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും അറസ്റ്റ് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിയും വേണമെന്നാണ് ചട്ടം.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമയ്ക്ക് ശേഷം ബോളിവുഡിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു: നിമിഷ സജയൻ| Nimisha Sajayan
- പ്രശസ്ത റേഡിയോ അവതാരകൻ അമീൻ സയാനി അന്തരിച്ചു| Ameen Sayani Iconic Radio Presenter Dies At 91
- ‘പി.ടി. തോമസ് സാറിനെ ഒരിക്കും മറക്കാനാവില്ല: പ്രതിസന്ധികളിൽ കൂടെ നിന്നു’: ഭാവന
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക