ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 65 കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്. പിഴത്തുകയായിട്ടാണ് ഈ തുക ഈടാക്കിയതെന്നാണ് വിശദീകരണം. കോൺഗ്രസ് അടയ്ക്കാനുള്ള 115 കോഴി പിഴത്തുകയുടെ ഒരു ഭാഗമാണ് പിടിച്ചെടുത്തത് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ആദായ നികുതി അപ്പീൽ ട്രിബ്യൂണലിൽ പരാതി നല്‍കി. എന്നാല്‍ പരാതി പരിഗണിക്കുന്നതുവരെ ഈ സ്ഥിതി തുടരാനാണ് ട്രിബ്യൂണലിന്റെ നിർദ്ദേശം.
2018-2019ലെ ആദായനികുതി അടക്കാൻ 45 ദിവസം വൈകിഎന്ന കാരണത്താലാണ് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി 210 കോടി രൂപയാണ് ആദായ നികുതി ആവശ്യപ്പെട്ടത്. അറിയിപ്പ് പോലും നല്‍കാതെയാണ് കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചത്. ഈ വിവരം കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ അക്കൗണ്ട് പുനസ്ഥാപിക്കുകയായിരുന്നു.
ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ച വിവരം മനസിലാകുന്നത് എന്നും അജയ് മാക്കൻ വിശദമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ അടക്കം നാല് ബാങ്ക് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്.
















