ഷവോമി 14 അള്‍ട്രാ സ്മാർട്ഫോണ്‍ താമസിയാതെ ചൈനീസ് വിപണിയില്‍ അവതരിപ്പിക്കും. പിന്നാലെ ബാർസലോനയില്‍ നടക്കുന്ന ഈ വർഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് ആഗോള വിപണിയിലും ഫോണ്‍ അവതരിപ്പിക്കും. ഇതിന് മുമ്ബായി ഫോണിന്റെ ഡിസൈൻ, നിറങ്ങള്‍, ക്യാമറ സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കമ്ബനി സ്ഥിരീകരിച്ചു.
ചൈനയില്‍ ഷാവോമി പാട് 6എസ് പ്രോയ്ക്ക് ഒപ്പമാണ് ഷാവോമി 14 അള്‍ട്ര അവതരിപ്പിക്കുക. ആഗോള വിപണിയില്‍ ഷാവോമി 14, ഷാവോമി 14 പ്രോ എന്നീ ഫോണുകള്ക്കൊപ്പമായിരിക്കും അള്‍ട്ര മോഡലും അവതരിപ്പിക്കുക.
ഫെബ്രുവരി 22 ന് ഇന്ത്യൻ സമയം വൈകീട്ട് 4.30 ന് ചൈനയില്‍ ഷാവോമി 14 അള്‍ട്രാ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് കമ്ബനി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ വെയ്ബോയില് പങ്കുവെച്ച വിവരം. ഫെബ്രുവരി 25 ന് ഇത് ആഗോളവിപണിയില്‍ ഷാവോമി 14, പ്രോ മോഡലുകള്‍ക്കൊപ്പം അവതരിപ്പിക്കുമെന്നും കമ്ബനി സ്ഥിരീകരിച്ചു. ഇന്ത്യയില്‍ മാർച്ച് ഏഴിനും ഫോണ്‍ അവതരിപ്പിക്കും.
കറുപ്പ്, വെള്ള നിറങ്ങളിലാണ് ഫോണുകള്‍ എത്തുക. ഇതിന്റെ ചിത്രങ്ങള്‍ ഷാവോമി സിഇഒ ലേ ജുൻ പുറത്തുവിട്ടു. പിന്നില്‍ മുകളിലായി തള്ളിനില്ക്കുന്ന വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂള്‍ ആണ് ഷാവോമി 14 അള്‍ട്രായുടെ മുഖ്യ ആകർഷണം. നാല് ക്യാമറകള്‍ ഇതിലുണ്ടാവും. 1 ഇഞ്ച് 50 എംപി എല്‍വൈടി900 സെൻസർ, രണ്ട് 50 എംപി ടെലിഫോട്ടോ സെൻസറുകള്‍, ഒരു അള്‍ട്രാ വൈഡ് ക്യാമറ എന്നിവയാണ് ഇവ.
ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെൻ 3 പ്രൊസസർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് ആയിരിക്കും ഇതില്‍. 6.7 ഇഞ്ച് 2കെ അമോലെഡ് ഡിസ്പ്ലേ, 5180 എംഎഎച്ച് ബാറ്ററി. 90 വാട്ട് വയേർഡ് ചാർജിങ് 50 വാട്ട് വയർലെസ് ചാർജിങ് സൗകര്യങ്ങളും ഷാവോമി 14 അള്‍ട്രായില്‍ ഉണ്ടാകുമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.