തിരുവനന്തപുരം: പേട്ടയില്‍ നിന്നും കാണാതായ രണ്ടര വയസുകാരി മേരിയെ വൈദ്യപരിശോധനക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായി 19 മണിക്കൂറിന് ശേഷം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത് കണ്ടെത്തുന്നതിന് അല്പം മുമ്പാണ് കുട്ടിയെ ഓടയിൽ ഉപേക്ഷിച്ചത് എന്നാണ് നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് വെച്ചതാകാന്നുമാണ് നാട്ടുകാർ പറയുന്നത്. രാവിലെ പോലീസ് ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നതാണ്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ബ്രഹ്മോസിന് പിറകുവശത്തെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യമാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായി സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
കാഴ്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി നിതിൻ രാജ് പറഞ്ഞു കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സിസി ടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴും പരിശോധതുടരുന്നത് . കുട്ടി യാത്ര ചെയ്ത റൂട്ടുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തേണ്ടത്. കുട്ടിയ്ക്ക് സംസാരിക്കാനുള്ള പ്രായം ആയിട്ടില്ല. എങ്കിലും കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുമെന്ന് തിരുവനന്തപുരം ഡിസിപി വ്യക്തമാക്കി.
കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ മന്ത്രി ശിവൻകുട്ടിയും പ്രതികരിച്ചു. എന്താണ് കുട്ടിക്ക് സംഭവിച്ചത് എന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ പറയാന്‍ കഴിയൂവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളെയാണ് കാണാതായത്. വിവിധ സ്ഥലങ്ങളിൽ കുടുംബസമേതം തങ്ങി തേനെടുക്കുന്ന ജോലി ചെയ്യുന്നവരാണ് ഇവർ. ഇവർക്ക് നാല് മക്കളാണ്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. അതിനിടെയാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ മാതാപിതാക്കൾ കുഞ്ഞിനെ കാണാതിരുന്നതോടെ പരിഭ്രാന്തരായി പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
















