കൊല്ലം: സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഹർജി പിൻവലിച്ചാലേ വിഹിതം തരികയുള്ളൂ എന്ന് പറയുന്നത് ശരിയല്ല. ഹര്‍ജി ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നൽകേണ്ട വിഹിതമാണ് ചോദിക്കുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് സംസ്ഥാനം ചോദിക്കുന്നതെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.
സുപ്രീംകോടതിയിലെ സ്യൂട്ട് ഹര്‍ജി പിന്‍വലിച്ചാല്‍ 11,731 കോടി രൂപ കടമെടുക്കാന്‍ ഇന്നുതന്നെ കേരളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കേസ് ഇല്ലെങ്കില്‍പോലും ഈ തുക കടമെടുക്കാനുള്ള അര്‍ഹത സംസ്ഥാനത്തിനുണ്ടെന്ന് കേരളം മറുപടി നല്‍കി. 26,000 കോടി അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ സ്യൂട്ട് ഹര്‍ജിയില്‍ മാര്‍ച്ച് 6, 7 തീയതികളില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ഒരു കുറിപ്പ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ട രാമന്‍ കോടതിക്ക് കൈമാറി. എന്നാല്‍, കടമെടുക്കാനുള്ള അനുമതിക്ക് സുപ്രീംകോടതിയില്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നതായി കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കൗശലമാണ് പ്രയോഗിക്കുന്നത്. പൊതുകടത്തിന്റെ അറുപത് ശതമാനം കേന്ദ്രത്തിന്റേതാണ്. 26000 കോടി രൂപ കടമെടുക്കാൻ അടിയന്തര അനുവാദം വേണം. സംസ്ഥാനത്തിന്റെ അവകാശത്തിന് മേലുള്ള കടന്നുക്കയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. കേന്ദ്ര വിഹിതം സംസ്ഥാനത്തിന്റെ അവകാശമാണെന്നും സുപ്രീം കോടതിയിൽ സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയിൽ പറയുന്നുണ്ട്.
2023-’24 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് കടമെടുക്കാന്‍ കഴിയുക 32,432 കോടി രൂപയാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് മുമ്പുതന്നെ 34,230 കോടി രൂപ കേരളം കടമെടുത്തിട്ടുണ്ട് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇതിനുപുറമെയാണ് 11,731 കോടി കടം എടുക്കാന്‍ അനുവദിക്കുന്നത്. ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് എടുക്കാന്‍ അനുവദിക്കുന്ന തുകകൂടി ചേര്‍ത്താല്‍ കേരളത്തിന് ഈ വര്‍ഷം എടുക്കാവുന്ന കടം 48,049 കോടി ആകുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. 32,432 കോടി രൂപ മാത്രം എടുക്കാന്‍ അര്‍ഹത ഉള്ളപ്പോഴാണ് ഇത്രയും തുകയ്ക്ക് അനുമതി നല്‍കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍, സുപ്രീംകോടതിയിലെ കേസ് പിന്‍വലിച്ചാല്‍ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read more :
- ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി; പ്രതികളുടെ ശിക്ഷ ശരിവച്ചു; രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കി
- പതിമൂന്നുകാരൻ ജീവനൊടുക്കിയ സംഭവം; പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്നു പിതാവ്
- തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണത്തിന് അഞ്ച് പൊലീസ് സംഘങ്ങൾ
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
















