തബൂക്ക്- ഇന്റർനെറ്റ് വേഗത ലോകത്ത് തന്നെ ഏറ്റവും മുന്നിലുള്ളത് ‘റെഡ് സീ’ പദ്ധതി പ്രദേശത്തെ റെഡ്സീ, അമാല തുടങ്ങിയ സ്ഥലങ്ങളിൽ. ലോകത്തിലെ മറ്റേതൊരു നഗരത്തെക്കാളും 86 മടങ്ങ് വേഗതയിലാണ് ഇവിടെ 5ജി സേവനം ലക്ഷ്യമാവുന്നത്. സ്പീഡ് ടെസ്റ്റ് ബൈ ഓക് ലൂ പ്ലാറ്റ്ഫോം റിപ്പോർട്ടു പ്രകാരം റെഡ്സീ പദ്ധതി മേഖലയിൽ ശരാശരി ഇന്റർനെറ്റ് വേഗം സെക്കന്റിൽ 696.37 മെഗാബിറ്റ് എന്ന അത്ഭുതകരമായ തോതിലാണ്. ഇതോടെ ലോകത്തെ ഏറ്റവും ഉയർന്ന ഇന്റർനെറ്റ് വേഗതയും 2023 ഡിസംബറിലെ ലോക റാങ്കിംഗും റെഡ് സീ കരസ്ഥമാക്കിയിരിക്കുകയാണെന്ന് റെഡ് സീ ഇന്റർനാഷനലിന്റെ സാങ്കേതിക വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ സുഹൈലി പറഞ്ഞു.
ഇത്ര വേഗത്തിലുള്ള 5ജി സേവനം പദ്ധതി പ്രദേശത്തെത്തുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ വേഗത്തിൽ ആശയവിനിമയം നടത്താൻ സഹായിക്കുകയും അവർണനീയ വിനോദസഞ്ചാര അനുഭവങ്ങൾ തടസ്സമില്ലാതെ പങ്കിടാൻ പ്രാപ്തരാക്കുകയും ചെയ്യും. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം വികസന മുന്നേറ്റത്തിനു തടസ്സമാകില്ലെന്നത് ചെങ്കടൽ പദ്ധതി തെളിയിച്ചിരിക്കുകയാണ്. റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടിലെ ശരാശരി ഡൗൺലോഡ് വേഗത 1,276.65 മെഗാബൈറ്റാണ്. റെഡ് സീ റിസോർട്ട്, റിറ്റ്സ്കാൾട്ടൺ, നുജൂം റിസോർട്ട് എന്നിവ ഉൾപ്പെടുന്ന മദേഴ്സ് ഐലൻഡുകളിൽ 992.33 മെഗാബൈറ്റും. റെഡ്സീ പദ്ധതി പ്രദേശത്തെ ജീവനക്കാർ താമസിക്കുന്ന ടർട്ടിൽ ബേയിലെ ശരാശരി ഡൗൺലോഡ് വേഗത 844.54 രേഖപ്പെടുത്തിയിരിക്കുന്നതെന്നും അൽ സുഹൈലി പറഞ്ഞു.
കർശന പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ച് 100 ശതമാനവും പുനരുപയോഗ ഊർജ സ്രോതസുകൾ ഉപയോഗിച്ചാണ് പ്രദേശത്തെ മുഴുവൻ നെറ്റ്വർക്കുകളും പ്രവർത്തിക്കുന്നത്. പദ്ധതി പ്രദേശത്തെ അലങ്കാരങ്ങൾ പോലെ സ്ഥാപിച്ചിരിക്കുന്ന പ്രകൃതി സൗഹൃദ ടവറുകൾ മുഖേനയാണ് കവറേജുകൾ ലഭ്യമാക്കിയിരിക്കുന്നത്. 2023ലാണ് റെഡ് സീ വിനോദ സഞ്ചാരികളെ സ്വീകരിക്കാനാരംഭിച്ചത്. റെഡ് സീ ഇന്റർനാഷനൽ എയർപോർട്ട് 2023 സെപ്റ്റംബർ മുതൽ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകളുമായി പ്രവർത്തനം തുടങ്ങി.
2030 ൽ പദ്ധതി പൂർത്തിയാകുമ്പോൾ ആഡംബര മറീനകൾ, വിനോദ പാർക്കുകൾ, ഗോൾഫ് ഏരിയകൾ എന്നിവക്ക് പുറമെ 22 ദ്വീപുകളിലും ആറ് സ്ഥലങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 50 റിസോർട്ടുകളും 8,000 ഹോട്ടൽ മുറികളുമടങ്ങുന്ന ആയിരത്തിലധികം റെസിഡൻഷ്യൽ യൂനിറ്റുകളും ഇവിടെയുണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക