ഹൂസ്റ്റണ്‍ ∙ പ്രായാധിക്യം യുഎസ് പ്രസിഡന്റിനെ അലട്ടുന്നുവെന്ന പ്രചാരണങ്ങള്‍ ശക്തമാകുന്നതിനിടെ ജോര്‍ദാന്‍ രാജാവുമൊത്തുള്ള ചടങ്ങില്‍ ബൈഡന് സംഭവിച്ച പിഴവ് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. ജോര്‍ദാന്‍ രാജാവായ അബ്ദുല്ല രണ്ടാമനുമായി വേദി പങ്കിടുമ്പോള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആശയക്കുഴപ്പത്തിലായത് എതിരാളികള്‍ അടക്കം ആഘോഷിച്ചതോടെ പ്രസിഡന്റും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രതിരോധത്തിലായി.
പ്രസംഗത്തിന് മുന്നോടിയായി 81-കാരനായ ബൈഡന് രാജാവിനെ ആദരപൂര്‍വം പോഡിയത്തിലേക്ക് ക്ഷണിച്ചു. രാജാവ് സംസാരിക്കാന്‍ തയ്യാറായപ്പോള്‍ ബൈഡന് രാജാവിന്റെയും പോഡിയത്തിന്റെയും പുറകില്‍ അലക്ഷ്യമായി നടക്കാന്‍ തുടങ്ങി. തുടര്‍ന്ന് താന്‍ നില്‍ക്കേണ്ട സ്ഥലം മനസിലാക്കുന്നതിന് തറയില്‍ അടയാളം തിരയാന്‍ തുടങ്ങി.
അബ്ദുല്ലയുടെ ഇടത്തുവശത്ത് ജോര്‍ദാന്‍ പതാകയുടെ മുന്നിലായി അദ്ദേഹം ഒടുവില്‍ നിലയുറപ്പിച്ചു. പക്ഷേ അതിനു മുന്‍പായി രണ്ടിടങ്ങളിലായി പരതി നടക്കുകയായിരുന്നു യുഎസ് പ്രസിഡന്റ്. ബൈഡന്റെ അനിശ്ചിതത്വത്തില്‍ രാജാവ് ആശയക്കുഴപ്പത്തിലായതുപോലെ തോന്നി. ഒരു ഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞ് ഇടത് ഭാഗത്തേക്ക് നോക്കിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
‘ഞാന്‍ താങ്കളുടെ വശം മാറ്റി,’ എന്നായിരുന്നു അപ്പോള്‍ ബൈഡന്റെ പ്രതികരണം. രാജാവിനും ഇതുകണ്ട് ചിരിപൊട്ടി. ഇതോടെ ബൈഡന് രാജാവിന്റെ ഇടതുവശത്തേക്ക് ചുവടുവച്ചു. ബൈഡന്റെ പ്രായാധിക്യത്തെ ചോദ്യം ചെയ്യാന്‍ റിപ്പബ്ലിക്കന്മാര് ഉടന്‍ തന്നെ വിഡിയോ ഉപയോഗിച്ചു. ‘ജോര്‍ദാന്‍ രാജാവുമായുള്ള പത്രസമ്മേളനത്തില്‍ ബൈഡന് വീണ്ടും സ്റ്റേജില്‍ കോമാളിയായി.’ – ഒരു ഉപയോക്താവ് എക്സില്‍ എഴുതി.
റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി കൈകാര്യം ചെയ്യുന്ന എക്സ് അക്കൗണ്ടായ ആര്‍എന്‍സി റിസര്‍ച്ച്, ‘ബൈഡന്: ഞാന്‍ എന്താണ് ചെയ്യുന്നത്? ‘എവിടേക്കാണ് പോകുന്നത്?’ എന്ന വിവരണത്തോടെ വിഡിയോ പങ്കിട്ടു. ട്രംപ് ഭരണകൂടത്തിന്റെ മുന്‍ ഉദ്യോഗസ്ഥനും ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറുമായ ആന്‍ഡ്രൂ ഗിലിയാനിയുടെ മകനും എക്സില്‍ വിചിത്രമായ ദൃശ്യങ്ങള്‍ പങ്കുവെച്ച് പറഞ്ഞു, ‘ലോകം യുഎസിനെ നോക്കി ചിരിക്കുന്നു.’
അടുത്തിടെ, യുഎസ് പ്രസിഡന്റ് രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ച പ്രത്യേക അഭിഭാഷകന് റോബര്‍ട്ട് ഹര് തന്റെ റിപ്പോര്‍ട്ടില്‍ ബൈഡനെ ‘ഓര്‍മ്മക്കുറവുള്ള വൃദ്ധന്’ എന്നാണ് വിശേഷിപ്പിച്ചത്. സ്പെഷ്യല്‍ കൗണ്സലുമായുള്ള അഭിമുഖത്തിനിടെ ബൈഡന് നിര്‍ണായകമായ പല കാര്യങ്ങളും മറന്നു പോയതായും പറയപ്പെടുന്നു. താന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന വര്‍ഷവും കാലാവധി അവസാനിച്ച വര്‍ഷവും, എന്തിന് മകന് ബ്യൂവിന്റെ മരണം പോലും അദ്ദേഹം മറന്നു പോയതായി ഹര് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്‍ഷ്യല്‍ ഓഫീസിലേക്കുള്ള സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ബൈഡന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ഭൂരിപക്ഷം ആളുകള്‍ക്കും ആശങ്കകള്‍ ഉണ്ടെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പൊതു സര്‍വേകള്‍ പതിവായി തെളിയിച്ചിട്ടുണ്ട്.
ഹര് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം നടത്തിയ എബിസി ന്യൂസ്/ഇപ്സോസ് വോട്ടെടുപ്പ് അനുസരിച്ച്, 86% അമേരിക്കക്കാരും നിലവില്‍ ബൈഡന് പ്രസിഡന്റാകാന്‍ ‘വളരെ വയസ്സായി’ എന്ന് കരുതുന്നു. നവംബറില്‍ ബൈഡനെ വീണ്ടും നേരിടുമെന്ന് പ്രതീക്ഷിക്കുന്ന 77 കാരനായ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് 62 ശതമാനം പേര്‍ക്കും സമാനമായ അഭിപ്രായങ്ങളുണ്ട് എന്നതാണ് ശ്രദ്ധേയം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക