കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചയോ കാലതാമസമോ വരുത്തരുതെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് വയനാട് എം.പി.രാഹുല്‍ ഗാന്ധി. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു രാഹുല്‍.
വന്യജീവി ആക്രമണങ്ങള്‍ തുടരെ നടക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച രാഹുല്‍ വിഷയത്തില്‍ സംസ്ഥാന സർക്കാർ വേണ്ട പരിഗണന നല്‍കുന്നില്ലെന്നും കുറ്റപ്പെടുത്തി. പാവപ്പെട്ട വീടുകളിലെ മനുഷ്യരാണ് മരിച്ചതെന്നും അവർക്ക് അർഹതപ്പെട്ട പണം ഉടൻ എത്തിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാർ ഉടൻ ഇടപെടേണ്ടതായ പ്രശ്നങ്ങള്‍ ഇവിടെ ഉണ്ടെന്നുള്ളത് വ്യക്തമാണ്. വയനാട്ടിലെ മെഡിക്കല്‍ കോളേജും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ നല്‍കേണ്ടതായ നഷ്ടപരിഹാരത്തുകയും സംബന്ധിച്ച് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളുമായി ഞാൻ സംസാരിച്ചു. എല്ലാ കുടുബങ്ങള്‍ക്കും അവരുടെ അത്താണിയെയാണ് നഷ്ടമായത്. അതുകൊണ്ടുതന്നെ അവർക്ക് ഇപ്പോഴാണ് പണത്തിന്റെ ആവശ്യം,’ – രാഹുല്‍ പറഞ്ഞു.
വയനാട്ടില്‍ എത്തിയതു മുതല്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഫോണില്‍ പോലും അദ്ദേഹത്തെ ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തെ ബന്ധപ്പെടാൻ ഇനിയും ശ്രമിക്കുമെന്നും വയനാട്ടിലെ സ്ഥിതിഗതികളെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദേശീയ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാൻ രാഹുല്‍ കൂട്ടാക്കിയില്ല.