നാഗ്പുര്‍: മഹാരാഷ്ട്രയില്‍ നിന്ന് യുഎഇയിലേക്ക് ഉള്ളി കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. അൻപത് ലക്ഷത്തോളം വില വരുന്ന ഉള്ളിയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. രണ്ട് കയറ്റുമതി-ഇറക്കുമതി സ്ഥാപനങ്ങളുടെ ഉടമകളും ഒരു കസ്റ്റംസ് ബ്രോക്കറും ഉള്‍പ്പെടെയുള്ളവരാണ് ഉള്ളി കടത്താൻ ശ്രമിച്ചത്. 82,930 കിലോ ഉള്ളി കടത്തിയതിന് മൂന്ന് പേർക്കെതിരെ മഹാരാഷ്ട്രയിലെ നാഗ്പൂർ കസ്റ്റംസ് സംഘം കേസ് എടുത്തിട്ടുണ്ട്.
ഇന്ത്യൻ വിപണിയില്‍ 50 ലക്ഷം രൂപ വരുന്ന ഉള്ളി റഫ്രജറേറ്റഡ് കണ്ടെയ്നറില്‍ ഒളിപ്പിച്ച് തക്കാളികള്‍ക്കിടയിലാണ് കടത്താൻ ശ്രമിച്ചത്. കണ്ടെയ്‌നറുകള്‍ നവ ഷെവയില്‍ പരിശോധിക്കുകയും നാഗ്പൂരിലെ എസ്‌ഐഐബി പിടിച്ചെടുക്കുകയുമായിരുന്നു. മനീഷ് പണ്ഡാർപൂർക്കർ, ഷാലിക് നിംജെ, സൗരഭ് ശ്രീവാസ്തവ്, സുധാകർ ബരാപത്രെ, ശുഭം പന്തി, ദുഷ്യന്ത് പട്ടേ എന്നിവരടങ്ങുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംഘം മുംബൈയിലും നാസിക്കിലുമുള്ള കള്ളക്കടത്ത് റാക്കറ്റില്‍ ഉള്‍പ്പെട്ട കയറ്റുമതിക്കാരുടെയും കസ്റ്റംസ് ബ്രോക്കർമാരുടെയും സ്ഥലങ്ങളില്‍ നിരവധി പരിശോധനകള്‍ നടത്തി.
നാല് കണ്ടെയ്‌നറുകളിലായി 82,930 കിലോ ഉള്ളിയാണ് കണ്ടെത്തിയത്. നാഗ്പൂർ സോണിലെ കസ്റ്റംസ് ചീഫ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു ഈ നടപടി. അതേസമയം, 120 ലക്ഷം രൂപ വിലമതിക്കുന്ന വലിയ ഉള്ളി കസ്റ്റംസ് ഡിപ്പാർട്ട്മെന്‍റ് കഴിഞ്ഞ 15നും പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ ഇതുവരെ അറസ്റ്റുകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. മൂന്നാമതൊരു കയറ്റുമതിക്കാരനെതിരെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നതിനാല്‍ കേസില്‍ കൂടുതല്‍ പേർ പിടിയിയിലാകാൻ സാധ്യതയുണ്ട്.