മസ്കത്ത്: ഒമാനും യൂറോപ്യൻ യൂനിയനും (ഇ.യു) തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചന സെഷന്റെ നാലാമത്തെ റൗണ്ട് ബ്രസൽസിൽ നടന്നു. ഒമാനി പക്ഷത്തെ രാഷ്ട്രീയ-വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയും യൂറോപ്യൻ യൂനിയന്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എൻറിക് മോറയും നയിച്ചു. വിവിധ മേഖലകളിൽ സംയുക്ത സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ ഇരുപക്ഷവും ചർച്ച ചെയ്തു. ഗസ്സ മുനമ്പിലെ ഇസ്രായേൽ യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ഉൾപ്പെടെ പൊതുവായ ആശങ്കയുള്ള പ്രാദേശികവും അന്തർദേശീയവുമായ കാര്യങ്ങളും വിശകലനം ചെയ്തു. ഗസ്സയിൽ വെടിനിർത്തൽ കരാറിലെത്താനും മാനുഷിക സഹായം എത്തിക്കാനുമുള്ള രാഷ്ട്രീയ ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. 2018-ൽ ഒമാനും ഇ.യുവും തമ്മിൽ ഒപ്പുവെച്ച സഹകരണ ക്രമീകരണങ്ങളുടെ ചട്ടക്കൂടിന്റെ ഭാഗമായാണ് കൂടിയാലോചനകൾ നടന്നത്. ഇരു വിഭാഗത്തിൽനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക