ന്യൂയോർക്ക് ∙ നാലര പതിറ്റാണ്ട് പിന്നിട്ട ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2024ലെ കമ്മിറ്റി ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്‍ററിൽവച്ച് അധികാരമേറ്റു. ഇന്ത്യാ കാത്തലിക് അസോസിയേഷന്‍റെ പുതിയ ഭാരവാഹികളായി പ്രസിഡന്‍റ് റോയ് ആന്‍റണി, സെക്രട്ടറി തോമസ് പ്രകാശ്, ട്രഷറർ മാത്യു ജോസഫ്, വൈസ് പ്രസിഡന്‍റ് ജോസഫ് മാത്യു ഇഞ്ചക്കൽ, ജോയിന്‍റ് സെക്രട്ടറി വത്സാ ജോസഫും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിസിലി പഴയമ്പള്ളി, ജയിംസ് ഇളമ്പുരയിടത്തിൽ, ലൈസി അലക്സ്, ജോർജ് തോമസ് എന്നിവരും ഓഡിറ്റർമാരായി ജോഫ്രിൻ ജോസ്, ജിം ജോർജ് എന്നിവരും ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർമാരായി ജോസ് മലയിൽ, മേരി ഫിലിപ്പ്, ഇട്ടൂപ്പ് ദേവസ്സിയും ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി പോൾ പി ജോസും സത്യ വാചകം ചൊല്ലി സ്ഥാനമേറ്റു.
മുൻ പ്രസിഡന്‍റ് ജോസ് മലയിൽ അസോസിയേഷന്‍റെ റെക്കോർഡുകൾ പുതിയ പ്രസിഡന്‍റ് റോയ് ആന്‍റണിക്കും മുൻ സെക്രട്ടറി മേരി ഫിലിപ്പ് മെമ്പർഷിപ്പ് റജിസ്റ്ററും റെക്കോർഡുകളും പുതിയ സെക്രട്ടറി തോമസ് പ്രകാശിനും മുൻ ട്രഷറർ ഇട്ടൂപ്പ് ദേവസ്സി ബാങ്ക് ഡോക്യുമെന്‍റസ് പുതിയ ട്രഷറർ മാത്യു ജോസഫിനും കൈമാറി. ബോർഡ് ഓഫ് ട്രസ്റ്റീയുടെ റെക്കോർഡുകൾ മുൻ ചെയർമാൻ അലക്സ് തോമസ് പുതിയ ചെയർമാൻ പോൾ പി ജോസിനും കൈമാറി. ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർമാരായ ലിജോ ജോൺ, ആന്‍റോ വർക്കി, ജോൺ പോൾ, ജോർജ്കുട്ടി എന്നിവരും മുൻ പ്രസിഡന്‍റുമാർ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാന്മാർ മുതിർന്ന നേതാക്കന്മാരായ കെ ജെ ഗ്രിഗറി, ലീല മാരേട്ട് എന്നിവരും ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍റെ 2024 ലെ പ്രവർത്തനോദ്ഘാടനം സിറോ മലങ്കര സഭയുടെ ന്യൂയോർക്ക് കാനഡ അധ്യക്ഷൻ ബിഷപ് റവ. ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് നിർവഹിച്ചു. പ്രസിഡന്‍റ് റോയ് ആന്‍റണി ചടങ്ങിൽ അധ്യക്ഷനായിരുന്നു. മികച്ച വാഗ്മിയും സഭാ പ്രഭാഷകനുമായ റവ. ഫാ. സിയാ തോമസും ബെത്ത്പേജ് സെന്‍റ് മേരീസ് സിറോ മലബാർ ചർച്ച് അസ്സി. വികാരി റവ. ഫാ. ജോബി ജോസഫും ചടങ്ങിൽ പുതിയ കമ്മറ്റിക്ക് അനുഗ്രഹ പ്രഭാഷണത്തിലൂടെ ആശംസകൾ നേർന്നു. ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്‍റെ സെക്രട്ടറി തോമസ് പ്രകാശ് ചടങ്ങിൽ ഏവർക്കും സ്വാഗതം അർപ്പിച്ചു. മൂന്നു റീത്തിൽ പെട്ട എല്ലാവർക്കും ഒന്നിച്ചുകൂടുവാനുള്ള പൊതു വേദിയാണ് ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ എന്ന് അനുസ്മരിച്ചു. ഓരോ റീത്തും അവനവനിലേക്ക് സ്വയം ചുരുങ്ങാതെ ഒരു പൊതു ഇടമായ ഇന്ത്യാ കാത്തലിക് അസോസിയേഷനിൽ പ്രവർത്തിക്കാൻ മുന്നോട്ടു വരുവാൻ സെക്രട്ടറി ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു.
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍റെ വാർത്തമാനകാല പ്രസക്തിയും നാളിതുവരെ ചെയ്തുപോന്ന സേവനങ്ങളും പ്രസിഡന്‍റ് റോയ് ആന്‍റണി തന്‍റെ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു. 2020 മുതൽ ഫാ.ഡേവിസ് ചിറമേലിന്‍റെ ഹംഗർ ഹണ്ട് പ്രസ്ഥാനത്തിന്‍റെ അമേരിക്കൻ അംബാസിഡറായ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഈ വർഷവും പ്രവർത്തനം തുടരുമെന്നും ഒപ്പം പുനലൂരിലെ വിളക്കുടിയിലുള്ള സ്നേഹതീരത്തിന് നൽകി വരുന്ന സഹായം തുടർന്നു നല്കുമെന്നും അറിയിച്ചു. ചാരിറ്റി പ്രവർത്തനത്തിലൂടെ ദൈവോന്മുഖമായി ജീവിക്കുവാനും ഒരു ദിവസം ഒരു കോഫിയുടെ തുകയെങ്കിലും മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും കാത്തലിക് അസോസിയേഷൻ പ്രവർത്തകരോട് പ്രസിഡന്‍റ് അഭ്യർത്ഥിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ ക്രൈസ്തവ മൂല്യങ്ങൾ എങ്ങനെ നമ്മളെ വ്യതിരിക്തർ ആക്കുന്നുവെന്ന് ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് വിശദീകരിച്ചു. നമ്മൾ നിവസിക്കുന്ന ഈ രാജ്യത്തോടു വിശ്വസ്തതയും കൂറും പ്രതിബദ്ധതയും പുലർത്തണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. അതോടൊപ്പം തന്നെ, നമ്മുടെ വേരുകളും സംസ്കാരവും സംസ്കൃതിയും ഭാരതീയമാണ്. അവ നിലനിന്നുപോരാൻ സഭാപരമായ ഓർമകളും കൂട്ടായ്മകളും നിലനിൽക്കണം. എല്ലാ ഭാഷയെയും സംസ്കാരത്തെയും എല്ലാ ജനതയേയും ദേശത്തേയും ലോകത്തെ മുഴുവനും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതാണ് കാതോലിക്ക ദർശനം. അത് ജീവിതത്തിൽ പ്രവർത്തികം ആക്കുവാൻ കാത്തലിക് അസോസിയേഷൻ പ്രവർത്തകർ വിളിക്കപ്പെട്ടിരിക്കുന്നു.
സിറോ മലബാർ സഭയുടെയും സിറോ മലങ്കര സഭയുടെയും സഭാപരമായ സംവിധാനങ്ങൾ ഈ നൂറ്റാണ്ടോടെയാണ് ഇവിടെ സമാരംഭിച്ചത്. അതുവരെ ഇവിടെയുള്ള കത്തോലിക്കരുടെ ആത്മീയ കാര്യങ്ങൾ നിർവഹിച്ചിരുന്നതിനാൽ, ഇവിടെയുള്ള സിറോ മലബാർ, സിറോ മലങ്കര രൂപതകളുടെ അമ്മ സംഘടനാ സ്ഥാനം അവകാശപ്പെടാനും അഭിമാനിക്കാനും കാത്തലിക് അസോസിയേഷന് അർഹതയുണ്ടെന്ന ഫിലിപ്പോസ് മാർ സ്തേഫാനോസ് പറഞ്ഞത് നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
നമ്മുടെ കുട്ടികൾ വിശ്വാസത്തിൽ വളരുവാൻ കാത്തലിക് ഇവന്‍റുകളിലും സമ്മേളനങ്ങളിലും പങ്ക് വഹിക്കണമെന്ന് തന്‍റെ ദീർഘകാല അമേരിക്കൻ ജീവിതത്തിൽ നിന്നും ലഭ്യമായ അറിവിലൂടെ ഫാ. സിയാ തോമസ് പറഞ്ഞു. ജീവിതത്തിലൂടെ കടന്നുപോകുന്ന അനുഭവങ്ങളും സംഭവങ്ങളും നമ്മുടെ ജീവിതത്തിൽ പ്രതി പ്രവർത്തനത്തിന് കാരണമാകും എന്ന് റഷ്യൻ സൈക്കോളജിസ്റ്റ് പാബ്ലോയുടെ തിയറിയിലൂടെ അദ്ദേഹം വിശദീകരിച്ചു. യുവ തലമുറയെ എങ്ങനെ ക്രൈസ്തവോന്മുഖമാക്കി തീർക്കാമെന്നും അതിന് കുടുംബത്തിന്‍റെ പ്രാധാന്യവും പ്രാർത്ഥനയുടെ ശക്തിയും സ്വകീയമായ അനുഭവത്തിലൂടെ ഫാ. ജോബി ജോസഫ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുവർഷക്കാലം തനിക്കും തന്‍റെ ടീമിനും നൽകിയ എല്ലാ പിന്തുണയ്ക്കും മുൻ പ്രസിഡന്‍റ് ജോസ് മലയിൽ ഏവർക്കും നന്ദിയും സ്നേഹവും അറിയിക്കുകയും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുവാൻ പുതിയ കമ്മിറ്റിയെ ഉദ്ബോധിപ്പിക്കുകയും ചെയ്തു. സ്ഥാനമൊഴിഞ്ഞ ചെയർമാൻ അലക്സ് തോമസ് പ്രസിഡന്‍റ് റോയ് ആന്‍റണിക്കും ചെയർമാൻ പോൾ ജോസിനും എല്ലാ വിധ പിന്തുണയും സഹായവും തന്‍റെ ആശംസ പ്രസംഗത്തിൽ അറിയിച്ചു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പോൾ ജോസ്, തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുകയും സംഘടനയുടെ ചാരിറ്റി പ്രവർത്തനത്തിന് ചാലക ശക്തിയായി വർത്തിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
മേരിക്കുട്ടി മൈക്കിളിന്‍റെ പ്രാർത്ഥന ഗാനത്തോട് ആരംഭിച്ച മീറ്റിങ്ങിൽ സ്വപ്ന മലയിലും സ്റ്റെഫനി ജോസഫും എം സി മാരായി പ്രവർത്തിച്ചു. അമേരിക്കൻ ദേശീയ ഗാനത്തെ തുടർന്ന് ഇന്ത്യൻ ദേശീയ ഗാനവും പ്രാർത്ഥന ഗീതവും ലിൻസു ആലപിച്ചതോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ചടങ്ങിൽ അസോസിയേഷൻ ലൈഫ് മെമ്പറും റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററുമായ ഡോ. ആനി പോളിനെ ചെയർമാൻ പോൾ ജോസും ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ജോയിന്‍റ് സെക്രട്ടറി വത്സ ജോസഫ് ആനി പോളിനെ സദസ്സിന് പരിചയപ്പെടുത്തി. കഴിഞ്ഞ ഒരു വർഷക്കാലം സ്തുത്യർഹമായ സേവനം ചെയ്ത പ്രസിഡന്‍റ് ജോസ് മലയിലിന്‍റെയും ചെയർമാനായിരുന്ന അലക്സ് തോമസിന്‍റെയും പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും പിതാവിൽ നിന്നും ആദരവ് സ്വീകരിക്കുവാൻ വൈസ് പ്രസിഡന്‍റ് ജോസഫ് മാത്യൂ ഇഞ്ചക്കൽ ഇരുവരെയും ക്ഷണിച്ചു. മാർ സ്തേഫാനോസ് രണ്ടു പേർക്കും പ്ലാക്ക് നൽകി ആദരിച്ചു.
ഇന്ത്യാ കാത്തലിക് അസോസിയേഷനിൽ തുടർച്ചയായി രണ്ട് തവണ പ്രസിഡന്‍റ് ആയിരുന്ന ജോസഫ് പൂംകുടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ സെക്രട്ടറി മേരി ഫിലിപ്പ് പ്രമേയം അവതരിപ്പിച്ചു. ലിയ ഇസെൻ, സോമി ജോയ്, ജോയി പാങ്ങാട്ടു, മേരിക്കുട്ടി മൈക്കിൾ, അശ്വിൻ ആന്‍റണി എന്നിവരുടെ ശ്രുതി മധുരമായ ഗാനങ്ങൾ തിങ്ങി നിറഞ്ഞ സദസ്സ് ഹർഷപൂർവ്വമാണ് ഏറ്റുവാങ്ങിയത്. ഒലിവിയ പ്രകാശും കൂട്ടരും അവതരിപ്പിച്ച ബോളിവുഡ് ഡാൻസും അലീനയും ടീമും അവതരിപ്പിച്ച സംഘ നൃത്തവും ഏവരുടെയും മനം കവർന്നു. അശ്വിൻ ആന്‍റണിയും ടീമും അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷൻ മാസ്മരിക അനുഭവമായിതീർന്നു. ജോൺ കെ ജോർജും ജോർജ് തോമസ്സും പരിപാടിയുടെ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. സത്യ പ്രതിജ്ഞ ചടങ്ങിൽ ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പറും മുൻ പ്രസിഡന്‍റുമായ ആന്‍റോ വർക്കിയും ഉദ്ഘാടന ചടങ്ങിൽ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറും മുൻ പ്രസിഡന്‍റുമായ ലിജോ ജോണും എം സി മാരായി പരിപാടികൾ നിയന്ത്രിച്ചു. സോണൽ ഡയറക്ടർമാരായ പ്രിൻസ് ജോസഫ്, ടോണി നമ്പ്യാംപറമ്പിൽ, ഷൈജു കളത്തിൽ, തോമസ് സാമുവേൽ, ഷാജി സക്കറിയ, ഫിലിപ്പോസ് കെ ജോസഫ്, വർഗ്ഗീസ് സക്കറിയ, ജോൺ കെ ജോർജ്, ജോൺ തോമസ്, ടോം കെ ജോസ്, ഫ്രാങ്ക്ളിൻ തോമസ്, ജോർജ് കരോട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോർജ് തോമസ്, ജെയിംസ് ഇളമ്പുരയിടത്തിൽ, സിസിലി പഴയമ്പള്ളി, ലൈസ്സി അലക്സ്, മുൻ പ്രസിഡന്‍റ് ജോസ് മലയിൽ, മുൻ സെക്രട്ടറി മേരി ഫിലിപ്പ്, ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർമാർ, ഷാജിമോൻ വെട്ടം, ഇട്ടൂപ്പ് ദേവസ്സി, മുൻ മെംബർ ജോർജ് കൊട്ടാരം തുടങ്ങിയവർ ചേർന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ട്രഷറർ മാത്യു ജോസഫ് ഏവർക്കും നന്ദി അർപ്പിച്ചു. ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക