കൊല്ലം: മാനവികതയെ മുറുകെ പിടിച്ചു കൊണ്ടായിരിക്കണം വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടു വരേണ്ടത്. ആഗോളമായി സാങ്കേതിക മാറ്റങ്ങള്‍ ഉണ്ടാകുന്നത് വളരെ വേഗമാണ്. അതിനനുസരിച്ച് അറിവിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് കൊണ്ടായിരിക്കണം നമ്മുടെ വിദ്യാഭ്യാസവും മാറേണ്ടത്.
എന്നാല്‍ മാത്രമേ നമുക്ക് ലോക നിലവാരത്തിലുള്ള മാനവ വിഭവ ശേഷി വികസിപ്പിക്കാനും അതിലൂടെ വളരെ ശക്തമായ ഒരു സാമ്പത്തികാന്തരീക്ഷം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാക്കുവാനും സാധിക്കുകയുള്ളൂ എന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.
യു എസ് നികുതി രംഗത്തെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അസാപ് കേരളയും ടി കെ എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റൂഷന്‍സും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ക്ലേവ് ടി.കെ.എം എഞ്ചിനയറിംഗ് കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കൗണ്ടിങ് രംഗത്ത് കേരളത്തിലെ മാനവവിഭവശേഷി ഉന്നതമാണ്. ഈ ടാലന്റ് പൂളിനെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ട് നാട്ടില്‍ തന്നെ മികച്ച ശമ്പളത്തോടെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് എന്റോള്‍ഡ് ഏജന്റ് (ഇ.എ.) എന്ന ഈ കോഴ്‌സിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ കോഴ്‌സുകളും വിദ്യാഭ്യാസ രീതികളും മാറേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇവിടെ ഇരുന്നു കൊണ്ടു തന്നെ മികച്ച ശമ്പളത്തോടെയുള്ള ആഗോള ജോലികള്‍ ചെയ്യാനാകും. അതിനു വേണ്ടുന്ന ആദ്യ ശ്രമമാണ് ഇഎ കോഴ്സ് എന്നും അദ്ദേഹം പറഞ്ഞു.
യുഎസ് നികുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യോഗ്യരായ യുവജനങ്ങളെ ഒരുക്കുകയാണ് അസാപ് കേരള ഇത്തരമൊരു കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്. നിരവധി അവസരങ്ങളുള്ള എന്റോള്‍ഡ് ഏജന്റ് (ഇ.എ.) യോഗ്യത നേടുന്നതിനുള്ള പരിശീലനം അസാപ് കേരളത്തില്‍ വിജയകരമായി സംഘടിപ്പിച്ചു വരുന്നുണ്ട്.
പരിശീലനത്തോടൊപ്പം ജോലി ഉറപ്പും ലഭിക്കുന്ന ഇ.എ. കോഴ്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ബഹുരാഷ്ട്ര കമ്പനികളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇ.എ. യോഗ്യതയുള്ളവര്‍ക്ക് ഉള്ളത്. നിലവില്‍ 3000ഓളം പേര്‍ക്ക് ജോലി നല്‍കാന്‍ വിവിധ കമ്പനികള്‍ അസാപ് കേരളയുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഇരവിപുരം എം.എല്‍.എ എം നൗഷാദ് പറഞ്ഞു.
ചടങ്ങില്‍ അസാപ് കേരള സി എംഡി ഡോ. ഉഷ ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. ടി കെ എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്. ആയൂബ്, അമേരിക്കന്‍ നികുതി, അക്കൗണ്ടിങ് രംഗത്തെ പ്രമുഖ പരിശീലന സ്ഥാപനമായ ആയ സെര്‍ജന്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എലിസബത്ത് കോലാര്‍, സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്‌സ് സീനിയര്‍ ഡയറക്ടര്‍ ഷോന്‍ മുള്ളെന്‍, ടി കെ എം കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ ജനാബ് ഷഹല്‍ ഹസ്സന്‍ മുസലിയാര്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, കെ പി എം ജി ഗ്ലോബല്‍ സര്‍വീസസ് ഡയറക്ടര്‍ രമേശ് നായര്‍, ഇവൈ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിവേക് പിള്ള, എച്ച് & ആര്‍ ബ്ലോക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായ ഹരിപ്രസാദ് കൃഷ്ണ പിള്ള, ഡയറക്ടര്‍ അന്‍ഷു ജെയ്ന്‍, ഗ്രേറ്റ് അഫിനിറ്റി അനീഷ് എന്‍, ടി കെ എം ആര്‍ട്ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ചിത്രാ ഗോപിനാഥ്, കെ പി എം ജി എച്ച്ആര്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ജെസ് വിന്‍ ജോസ്, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് എച്ച്ആര്‍ ഹെഡ് മനോജ് ഇലഞ്ഞിക്കല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Read more ….
അന്താരാഷ്ട്രാ കോണ്‍ക്ലേവിന്റെ ഭാഗമായി ടി കെ എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പാനല്‍ ഡിസ്‌കഷനില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദഗ്ധര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുകയും, വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കൊല്ലം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത കോണ്‍ക്ലേവ് കൊമേഴ്‌സ് മേഖലയിലെ അവസരങ്ങള്‍ തുറന്ന് കാട്ടുന്നതായി മാറി.