തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദികളിൽ അതുല്യമായ ഭരതനാട്യം പ്രകടനവുമായി അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട പത്മശ്രീ ഗീതാ ചന്ദ്രൻ ഇത്തവണ തിരുവനന്തപുരത്തെ നിശാഗന്ധി നൃത്തോത്സവത്തിന് മാറ്റു കൂട്ടാനെത്തുന്നു. ഫെബ്രുവരി 18 ഞായറാഴ്ച വൈകീട്ട് 6.45നാണ് ഇവർ അരങ്ങിലെത്തുന്നത്.
അഞ്ചാം വയസ്സിൽ ആരംഭിച്ച നൃത്തസപര്യയിലൂടെ ക്ലാസിക്കൽ നൃത്ത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഉയരങ്ങളിലെത്തിയ കലാകാരിയാണ് ദൽഹി മലയാളി കൂടിയായ ഗീത ചന്ദ്രൻ. ഭരതനാട്യത്തിനു പുറമെ കർണാടക സംഗീതത്തിലും കൊറിയോഗ്രഫിയിലും സ്വന്തമായ ഒരിടം കണ്ടെത്തിയ അവരുടെ പ്രവർത്തനം ദൽഹി കേന്ദ്രീകരിച്ചാണ്. അവിടെ സ്ഥാപിച്ച നാട്യ വൃക്ഷ എന്ന നൃത്തകലാ കൂട്ടായ്മയിലൂടെ ക്ലാസിക്കൽ നൃത്ത രംഗത്ത് ഒട്ടേറെ ശ്രദ്ധേയമായ പരീക്ഷണങ്ങൾ നടത്തി വരുന്നു.
പ്രമുഖരായ നിരവധി ഗുരുക്കൻമാരുടെ കീഴിൽ അഭ്യസിച്ചിട്ടുണ്ടെങ്കിലും ഗീത ഭരതനാട്യത്തിൽ തന്റേതായ വ്യക്തിത്വം പുലർത്തുന്നതിൽ വിജയിച്ച കലാകാരിയാണ്. കർണാകട സംഗീതത്തിലുള്ള അവരുടെ വിശാലമായ അറിവും പരിജ്ഞാനവും അവരുടെ നൃത്തച്ചുവടുകളുടെ താളമായി മാറുന്നതും കാണാം.
നാട്യശാസ്ത്രത്തിലുള്ള അവഗാഹം ഭരതനാട്യത്തിലൂടെ വൈവിധ്യമാർന്ന വിഷയങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തയാക്കുന്നു. ആനന്ദം, സൗന്ദര്യം, അഭിലാഷം, മൂല്യം, പുരാണം, ആത്മീയത തുടങ്ങി അമൂർത്തമായ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ് അവർക്ക് ഭരതനാട്യം.
മനസ്സും ശരീരവും തമ്മിലുള്ള ബന്ധം, കലയും സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ യാഥാർത്ഥ്യവൽക്കരണം തുടങ്ങി വിവിധ തലങ്ങളിലേക്കുള്ള അന്വേഷണങ്ങളാണ് അവരുടെ പ്രകടനങ്ങൾ.
ക്ലാസിക്കൽ കലയിൽ താരപ്രഭയോടെ തുടരുമ്പോഴും സമകാലിക വിഷയങ്ങൾ ഉന്നയിക്കുന്ന സവിശേഷമായ രീതിശാസ്ത്രവും ഗീത നൃത്തരൂപത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനവും സംഭാഷണവും ചേരുന്ന നടനമാണിവ.
സംഘർഷത്തിന്റെ നിരർത്ഥകത പറയുന്ന ‘ഇമാജിനിങ് പീസ്,’ പെൺഭ്രൂണഹത്യ എന്ന പ്രശ്നത്തെ അധികരിച്ചുള്ള ‘മിത്തോളജീസ് റിടോൾഡ്,’ ഇന്ത്യൻ ഭരണഘടനയുടെ ബഹുസ്വരതയെ കുറിച്ചുള്ള ‘അനേകാന്ത,’ ഗാന്ധിയൻ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ‘ഗാന്ധി: റാപ് ആന്റ് വെഫ്റ്റ്,’ ആദിവാസികളുടെ അവകാശങ്ങളും നീതിയും ഊന്നിപ്പറയുന്ന ‘സിംഹിക: ഡോട്ടർ ഓഫ് ഫോറസ്റ്റ്’ തുടങ്ങിയവ അവരുടെ ശ്രദ്ധേയവും കാലികപ്രസക്തവുമായ വേറിട്ടു നിൽക്കുന്ന പ്രകടനങ്ങളാണ്.
Read more ….
- ജില്ലാതല അദാലത്ത് നടത്തി
- ജയ്ഹിന്ദ് ചാനല്‍ കടുത്ത പ്രതിസന്ധിയില്‍: അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇന്‍കം ടാക്‌സ്
- Almond shake | രുചികരമായ ബദാം ഷെയ്ക്ക്
- പട്ടാപകൽ കാണിക്കവഞ്ചി മോഷണം:വയോധികനെ അക്രമിച്ചശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതി പിടിയിൽ
- ‘ആകാശത്തെ മനോഹരമായ ടീമിൽനിന്ന് ഒരു ബർത്തഡേ സർപ്രൈസ്’: നടി റീനു മാത്യൂസിന് പിറന്നാൾ സർപ്രൈസുമായി സഹപ്രവർത്തകർ| Reenu Mathews
നിശാഗന്ധി ഫെസ്റ്റിവലിൽ ‘അനന്തായ: എംബ്രേസിങ് ഇൻഫിനിറ്റി’ എന്ന സോളോ പ്രകടനമാണ് അവർ അവതരിപ്പിക്കുന്നത്. ഭരതനാട്യ മുദ്രകളിലൂടെ ഓരോരുത്തരിലുമുള്ള അനന്തസാധ്യതകളിലേക്കുള്ള അന്വേഷണമാണിത്.
ഭരതനാട്യത്തിന്റെ കാലാതീത സൗന്ദര്യം അനാവരണം ചെയ്യുന്ന ഭാവ രാഗ താള ലയവും കഥകള്‍ പറയുന്ന ഹസ്ത മുദ്രകളുടെ സമര്‍ത്ഥമായ പ്രയോഗവും കാഴ്ചക്കാരെ അനന്തതയിലേക്ക് കൂട്ടിക്കൊണ്ടു പോകും.
ഗീതയുടെ മാസ്മരിക പ്രകടനത്തിന് മാറ്റുകൂട്ടാന്‍ വരുണ്‍ രാജശേഖരന്റെ നാട്ടുവംഗം, കെ വെങ്കിലേഷിന്റെ ആലാപനം, മനോഹര്‍ ബാലചന്ദിരന്റെ മൃദംഗം, ജി രാഘവേന്ദ്ര പ്രസാദിന്റെ വയലിനും അകമ്പടിയുണ്ടാകും.