തിരുവനന്തപുരം: യുഡിഎഫിൻ്റെ ഉരുക്കുകോട്ടകളിൽ ഒന്ന് എന്ന് വിലയിരുത്തപ്പെടുന്ന ലോക്സഭാ മണ്ഡലമാണ് എറണാകുളം. മണ്ഡലം നിലനിർത്താൻ സിറ്റിംഗ് എംപി ഹൈബി ഈഡനെ തന്നെയാകും കോൺഗ്രസ് കളത്തിലിറക്കുക. അതേസമയം, ആരാകും ഇടത് മുന്നണിക്ക് വേണ്ടി എറണാകുളത്ത് ഗോദയിൽ ഇറങ്ങുന്നത് എന്നതിനെപ്പറ്റിയുള്ള സസ്പെൻസ് ഇപ്പോഴും തുടരുകയാണ്.
എറണാകുളം, ചാലക്കുടി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ചർച്ചകൾ എങ്ങുമെത്താത്ത തരത്തിൽ തുടരുകയാണ്. ചാലക്കുടിയിലേക്ക് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിൻ്റെ പേര് ഉയർന്ന് വന്നെങ്കിലും ആരോഗ്യപരമായ കാരണത്താൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച ലിസ്റ്റ് ജില്ലാ കമ്മിറ്റികൾക്ക് പാർട്ടി നേതൃത്വം നൽകിക്കഴിഞ്ഞു.
ജില്ലാ കമ്മിറ്റികളുടെ നിർദ്ദേശവും അഭിപ്രായവും കൂടി പരിഗണിച്ചാകും അന്തിമ ലിസ്റ്റിന് പാർട്ടി നേതൃത്വം അംഗീകാരം നൽകുന്നത്. നിലവിൽ രവീന്ദ്രനാഥിൻ്റെ പേരിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള ലിസ്റ്റാണ് തൃശൂർ ജില്ലാ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.
ഏഴ് നിയമസഭാ മണ്ഡലങ്ങൾ അടങ്ങിയ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളും (എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട്) എറണാകുളം ജില്ലയിൽ ആയതിനാൽ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നിലപാടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമാകും രവീന്ദ്രനാഥ് മത്സരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചു നിന്നാൽ പകരം മുൻ എം.എൽ.എ ബി.ഡി. ദേവസി, യു.പി.ജോസഫ് എന്നിവരുടെ പേരുകളും സംസ്ഥാന നേതൃത്വത്തിന് തൃശൂർ ജില്ലാ കമ്മിറ്റി കൈമാറുമെന്ന സൂചനയുണ്ട്.
- read more…..
- സിഎംആർഎല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനം: മാത്യു കുഴൽനാടൻ
- തെലങ്കാനയിൽ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം, ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചു തകർത്തു, 20 പേർക്ക് പരിക്ക്
- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിൽ രാഹുലിനും ന്യായ് യാത്രക്കും വൻ വരവേൽപ്പ്
- തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം കടുപ്പിക്കും; പ്രതിപക്ഷത്തിരിക്കാൻ ഇമ്രാൻ ഖാൻ
- ബാങ്കുകളെ കബളിപ്പിച്ച കേസിൽ ട്രംപിന് വൻ തുക പിഴയും വിലക്കും
എന്നാൽ ഈ പേരുകളോട് സംസ്ഥാന നേതൃത്വത്തിന് താല്പര്യമില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതുവരെ തൃശൂർ ജില്ലയിൽ നിന്നുള്ള ആളെയാണ് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥികളായി പരിഗണിച്ചിട്ടുള്ളത്. എന്നാൽ ഇക്കുറി എറണാകുളം ജില്ലാ കമ്മിറ്റിയോടും ചാലക്കുടിലേക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തൽ പാർട്ടി നിർദേശം നൽകിക്കഴിഞ്ഞു.യുഡിഎഫിൻ്റെ ഉരുക്കു കോട്ടയായ പഴയ മുകുന്ദപുരം മണ്ഡലമാണ് മണ്ഡല പുനർനിർണ്ണയത്തോടെ ചാലക്കുടിയായി മാറിയത്.
എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് ആധിപത്യം. എന്നാൽ തൃശൂർ ജില്ലകളിലെ മണ്ഡലങ്ങളിൽ ( കൊടുങ്ങല്ലൂർ, കൈപ്പമംഗലം, ചാലക്കുടി) ഇടത് മുന്നണിക്കാണ് മുൻതൂക്കം. മുകുന്ദപുരമായിരുന്ന കാലത്തെ 15 തിരഞ്ഞെടുപ്പിൽ പതിനൊന്നിലും യുഡിഎഫിനായിരു ഇവിടെ ജയം. മൂന്നു തവണ മാത്രം (1957, 1980, 2004) ഇവിടെ ചെങ്കൊടി പാറി. ചാലക്കുടിയായതിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മണ്ഡലം യുഡിഎഫിനെ തുണച്ചു. 2014 ൽ യുഡിഎഫിലെ പി.സി.ചാക്കോയെ അട്ടിമറിച്ച് ഇടത് സ്വതന്ത്രനും ചലച്ചിത്ര നടനുമായിരുന്ന ഇന്നസെൻ്റ് എൽഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ചെടുത്തു.
2019 ൽ വിജയം നില നിർത്താൻ ഇന്നസെൻ്റിനായില്ല. യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങിയ ബെന്നി ബെഹന്നാൻ മണ്ഡലം തിരിച്ചുപിടിച്ചു. ചാലക്കുടിയിൽ യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംപി ബെന്നി ബെഹന്നാൻ തന്നെ ഇക്കുറിയും മത്സര രംഗത്തിറങ്ങാനാണ് സാധ്യത.
ക്രിസ്ത്യന്‍ സഭകള്‍ക്കും ഈഴവ സമുദായത്തിനും മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുണ്ട്. കത്തോലിക്ക, യാക്കോബായ സഭകള്‍ക്കാണ് മണ്ഡലത്തില്‍ കൂടുതല്‍ സ്വാധീനമുള്ളത്. അതിനാൽ സമുദായിക സമവാക്യങ്ങൾ കൂടി പരിഗണിച്ച് ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ് നൽകിയ ലിസ്റ്റിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. കഴിഞ്ഞ തവണ ‘കൈ’ പിടിച്ച മണ്ഡലത്തെ മന്ത്രി കെ.രാധാകൃഷ്ണനിലൂടെ തിരിച്ചുപിടിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു സിപിഎം. എന്നാൽ മത്സരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് രാധാകൃഷ്ണൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതായിട്ടാണ് ലഭിക്കുന്ന വിവരം. പകരം ജില്ലാ കമ്മിറ്റി നിർദേശിക്കാൻ സാധ്യത മുൻ മന്ത്രി എ.കെ.ബാലൻ്റെ പേരായിരിക്കും എന്നാണ് സൂചനകൾ.
മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള സംസ്ഥാന നേതൃത്വത്തിനും എതിർപ്പുണ്ടാകില്ല എന്ന് ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ ഹാട്രിക് വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ സിപിഎമ്മിലെ പി ബിജുവിനെ തറപറ്റിച്ച കോൺഗ്രസിലെ രമ്യാ ഹരിദാസ് തന്നെയാകും ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി. പാലക്കാട്, ആലത്തൂർ മണ്ഡലത്തിലെ സിറ്റിംഗ് എംപിമാർ തന്നെ സ്ഥാനാർത്ഥികളായി മതി എന്ന ആവശ്യം പാലക്കാട് ഡിസിസി കെപിസിസി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. .
പാലക്കാട് ജില്ലയിലെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ഒരു പട്ടികജാതി സംവരണ മണ്ഡലം കൂടിയായ ആലത്തൂർ. കർഷകർക്കും കർഷക തൊഴിലാളികൾക്കും നിർണ്ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ആലത്തൂർ.
പൂർണ്ണമായും എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലോക് സഭാ മണ്ഡലമാണ് യുഡിഎഫിൻ്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന എറണാകുളം. കളമശേരി, പറവൂർ, വൈപിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നിവയാണ് എറണാകുളം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങൾ. യുഡിഎഫിന് വേണ്ടി സിറ്റിംഗ് എം പി യായ ഹൈബി ഈഡൻ തന്നെയാകും മത്സരംഗത്തുണ്ടാവുക.
1957 മുതല്‍ ഇതുവരെയുള്ള മണ്ഡലത്തിൻ്റെ ചരിത്രം പരിശോധിച്ചാല്‍ 12 തവണ കോണ്‍ഗ്രസും അഞ്ചു തവണ ഇടതുപക്ഷവും വിജയിച്ചു. ലത്തീൻ കത്തോലിക്കാ സഭയിൽ നിന്നുള്ള വോട്ടർമാർ കൂടുതലുള്ള മണ്ഡലം കൂടിയാണ് എറണാകുളം ലോക്സഭ മണ്ഡലം. അതു കൊണ്ട് ഇവിടെ സമുദായ സമവാക്യങ്ങൾ നിർണായകമാണ്. എന്നിരുന്നാലും ജാതി ഫോർമുലകൾ മറികടന്ന് വി. വിശ്വനാഥ മേനോനെ പോലെ പ്രമുഖരെ വിജയിപ്പിച്ചെടുക്കാന്‍ സിപിഎമ്മിനായിട്ടുണ്ട് എന്ന ചരിത്രവും മണ്ഡലത്തിന് പറയാനുണ്ട്.
മുൻ മന്ത്രിയും ഇപ്പോൾ ഇടത് സഹയാത്രികനുമായ കെ.വി. തോമസ് അഞ്ചു തവണയാണ് മണ്ഡലത്തിൽ നിന്നും ജയിച്ച് കയറിയത്. കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ഇടതു മുന്നണിയുമായി കൈകോർത്ത അദ്ദേഹം ഇക്കുറി മത്സര രംഗത്തുണ്ടാവില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കെ.വി.തോമസിനെ ഇടതു ടിക്കറ്റിൽ കളത്തിലിറക്കി മണ്ഡലം പിടിക്കാൻ സിപിഎം നീക്കങ്ങൾ നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഇക്കുറിയും ലത്തീൻ സഭയിൽ നിന്നുള്ള ഒരു പുതുമുഖത്തെ മത്സരരംഗത്തിറക്കാനാണ് പാർട്ടി തീരുമാനം. അതുകൊണ്ടു തന്നെ സഭാ നേതൃത്വവുമായി അടുത്ത ബന്ധമുള്ള കെ.വി.തോമസിനെയാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചുമതല സിപിഎം സംസ്ഥാന നേതൃത്വം ഏൽപ്പിച്ചിരിക്കുന്നത്. കെ.വി.തോമസിൻ്റെ മകൾ രേഖാ തോമസ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും എന്ന അഭ്യൂഹങ്ങളും മണ്ഡലത്തിൽ സജീവമാണ്.
മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെ.വി.തോമസ് നിർദ്ദേശിക്കുന്ന പേരിന് തന്നെയായിരിക്കും പ്രഥമ പരിഗണന. അദ്ദേഹത്തിൻ്റെ മകൾ വരുമോ അതോ മറ്റാരെയെങ്കിലും നിർദ്ദേശിക്കുമോ എന്നതാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഇപ്പോൾ നിലനിൽക്കുന്ന സസ്പെൻസ്.
മുമ്പും സിപിഎം അപ്രതീക്ഷിത സ്ഥാനാർത്ഥികളെ (ഡോ. സെബാസ്റ്റ്യൻ പോൾ, ക്രിസ്റ്റി ഫെർണാണ്ടസ് ) പ്രഖ്യാപിച്ച് ഞെട്ടിച്ചുള്ള മണ്ഡലമാണ് എറണാകുളം. ഇക്കുറിയും അതേ സസ്പെൻസ് തന്നെയാണ് ഇടതു സ്ഥാനാർത്ഥിയെ സംബന്ധിച്ച് മണ്ഡലത്തിലുള്ളത്. ഈ മാസം 27 ന് മുമ്പ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം