ആർ.രാഹുൽ
മാനന്തവാടി: വയനാട് പുൽപ്പള്ളിക്ക് സമീപം പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരനായ പോൾ മരണത്തിൽ ആരോഗ്യ വകുപ്പിൻ്റെയും വനംവകുപ്പിൻ്റെയും അനാസ്ഥയെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ നാലര മണിക്ക് ശേഷം ജോലിക്ക് പോകുന്നതിനിടയിൽപോളിനെ കാട്ടാന ആക്രമിക്കുന്നത്. കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടയിൽ മറിഞ്ഞ് വീണ ഫോറസ്റ്റ് ജീവനക്കാരൻ്റെ നെഞ്ചിൽ കാട്ടാന ചവിട്ടുകയായിരുന്നു. ആന്തരിക അവയവങ്ങൾക്ക് കാര്യമായ ക്ഷതമേറ്റ സുരക്ഷാ ജീവനക്കാരനെ സമീപവാസികൾ ആനയെ ഒച്ചവെച്ച് ഓടിച്ച ശേഷം വയനാട് (മാനന്തവാടി) മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മാനന്തവാടി ആശുപത്രിയിൽ നിന്നും വേണ്ട ചികില്‍സ ലഭിച്ചില്ലെന്നും കോഴിക്കോട്ടെത്തിക്കാന്‍ വൈകിപ്പിച്ചതായും പോളിൻ്റെ മകൾ അന്വേഷണത്തോട് പറഞ്ഞു. ചികിത്സാ സൗകര്യമില്ലാഞ്ഞിട്ടും തൻ്റെ അച്ഛനെ എന്തിന് മണിക്കൂറുകളോളം അവിടെ കിടത്തിയത് എന്തിനാണ് എന്ന് തനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പേരിന് മാത്രം മെഡിക്കൽ കോളേജ് എന്ന് പറയുന്ന ഐസിയുവോ വെൻ്റിലേറ്റർ സൗകര്യമോ ഇല്ലാത്ത ആശുപത്രിയിൽ പതിനൊന്ന് മണിക്കൂറുകളോളം കിടത്തിയെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം പോൾ മരണപ്പെട്ട ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത് എന്നും നാട്ടുകാർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നറിഞ്ഞിട്ടും പോളിനെ ആശുപത്രിയിൽ എത്തിക്കാതെ മരണപ്പെട്ടതിന് ശേഷം പതിനൊന്ന് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ച മറയ്ക്കാനാണെന്നും ആരോപണമുണ്ട്. ജില്ലാ ആശുപത്രിയുടെ സൗകര്യം പോലുമില്ലാത്ത മെഡിൽക്കൽ കോളേജ് എന്ന ബോർഡ് മാത്രമുള്ള (ഇവിടെ പ്രിൻസിപ്പളോ, മെഡിക്കൽ വിദ്യാർത്ഥികളോ ഇല്ല) ആശുപത്രിയിൽ ഒരു മനുഷ്യ ജീവൻ വെച്ച് പരീക്ഷണം നടത്തുകയായിരുന്നു. പോളിനെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിച്ച ഉടൻ അവിടെ നിന്നും രണ്ട് മണിക്കൂർ മാത്രം സമയമെടുക്കുന്ന പരിയാരം മെഡിക്കൽ കോളേജിലോ കോഴിക്കോട് മെഡിക്കൽ കോളേജിലോ എത്തിച്ചിരുന്നെങ്കിൽ പോൾ ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു എന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ പാക്കത്ത് വന്യമൃഗശല്യത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു. നിലവിൽ പോളിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും.
വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിൽ കഴിഞ്ഞ 20 ദിവസത്തിനിടയിൽ മൂന്നാമത്തെ ആളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാം മരണമാണ് ഇവിടെ സംഭവിക്കുന്നത്. ഫോറസ്റ്റ് വാച്ചർമാരുടെ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. സുരക്ഷാ ജീവനക്കാർക്ക് ഒരു ടോർച്ച് പോലും നൽകാതെ ഒരു ലാത്തി മാത്രം നൽകിയാണ് ജോലിക്ക് നിയോഗിച്ചിരിക്കുന്നത് എന്നതാണ് ഉയരുന്ന പ്രധാന ആക്ഷേപം. ആശുപത്രിയുടെ അവസ്ഥ അറിഞ്ഞിട്ടും ഉന്നതരെ ഭയന്ന് തങ്ങളുടെ നിസഹായസ്ഥ പുറത്തറിയിക്കാതിരിക്കാൻ വേണ്ടിയാണ് മെഡിക്കൽ കോളേജിൽ എത്തിക്കാൻ പന്ത്രണ്ട് മണിക്കൂറുകളോളം വൈകിപ്പിച്ചത് എന്ന് ഡിസിസി ജനൽ സെക്രട്ടറി അഡ്വ.പി.ഡി. സജി അന്വേഷണത്തിനോട് പറഞ്ഞു. വന്യമൃഗ ആക്രമണത്തിന് കാരണഭൂതനായ വനം മന്ത്രിക്കെതിരെയും , ചികിത്സ പിഴവിന്റെ കാരണക്കാരിയായ ആരോഗ്യ മന്ത്രിക്കെതിരെയും മനപൂർവമായ നരഹത്യക്ക് കേസെടുക്കണമെനം ഇരുവകുപ്പ് മന്ത്രിമാരും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പോളിനെ കാട്ടാന ആക്രമിച്ച സമയം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും വൈരുദ്ധ്യങ്ങൾ ഉണ്ട്. ആനയുടെ ആക്രമണം നടന്നത് രാവിലെ 9 :30 നാണെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇത് അടിസ്ഥാന രഹിതമാണെന്നും യാഥാർത്ഥ്യം ബോധപൂർവ്വം മറച്ച് വക്കാനുള്ള ശ്രമങ്ങളാണ് ഇതുവഴി നടക്കുന്നതെന്നും നാട്ടുകാർ അന്വേഷണത്തിനോട് പറഞ്ഞു. വയനാട്ടിൽ വന്യ ജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ വയനാട്ടിൽ നാളെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ മൂന്ന് മുന്നണികളും ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 10ന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 30ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.വയനാട്ടിലെ ജനവാസ മേഖലകളിൽ ഉൾപ്പെടെ വന്യമൃഗ ശല്യം രൂക്ഷമായതോടെ വനംവകുപ്പിനും സർക്കാരിനും എതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്‍ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ