മോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ നിരന്തര വിമർശകനുമായ അലക്സി നവാൽനി അന്തരിച്ചു. 19 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന അലക്സി ജയിലിൽ വച്ചാണ് മരണപ്പെട്ടത്. റഷ്യയുടെ ഫെഡറൽ പെനിറ്റൻഷ്യറി സർവീസാണ് മരണവാർത്ത പുറത്തുവിട്ടത്.
ജയിലിൽ നടക്കാനിറങ്ങിയതായിരുന്നു നവൽനി. ഇതിനിടെ അവശനായി കുഴഞ്ഞുവീഴുകയായിരുന്നു വീഴുകയായിരുന്നുവെന്ന് പെനിറ്റെൻഷിയറി സർവീസ് അറിയിച്ചു. ഉടൻ തന്നെ ബോധം നഷ്ടമായിരുന്നു. ആരോഗ്യസംഘം ഉടൻ സംഭവസ്ഥലത്തെത്തി അടിയന്തര വൈദ്യപരിചരണങ്ങൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അധികൃതർ അറിയിച്ചു.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റഷ്യൻ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. നവൽനിയുടെ മരണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് അദ്ദേഹത്തിന്റെ മാധ്യമ സെക്രട്ടറി കിറ യാർമിഷ് ആരോപിച്ചു.
സാമ്പത്തിക ക്രമക്കേട്, പരോള്‍ ലംഘനം, കോടതിയലക്ഷ്യം തുടങ്ങി കുറ്റങ്ങൾ ആരോപിച്ച് തടവിലാക്കിയ നവാൽനി ചികിത്സ ആവശ്യപ്പെട്ട് ജയിലിലും സമരം നടത്തിയിരുന്നു. പുടിന്റെ നിരന്തര വിമർശകനായ നവാല്‍നിയെ ജയിലിൽ നിന്ന് കാണാതായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
നാൽപ്പത്തിയേഴുകാരനായ നവാൽനി പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2020 ലുണ്ടായ വധശ്രമത്തെ അതിജീവിച്ചിരുന്നു. റഷ്യയിൽ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാൽനി മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പുടിന്റെ പ്രധാന എതിരാളികളിൽ ഒരാളായാണ് നവാൽനിയെ കണക്കാക്കിയിരുന്നത്. തടവിൽ കഴിയുന്നതിനിടെ അലക്സി നവൽനി സ്ഥാപിച്ച സംഘടനകൾ ഭീകരപ്രവർത്തനം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി കോടതി വിലക്കേർപ്പെടുത്തിയിരുന്നു.
ആന്റി കറപ്ഷൻ ഫൗണ്ടേഷൻ (എഫ്.ബി.കെ), സിറ്റസൺസ് റൈറ്റ്സ് പ്രൊട്ടക്ഷൻ ഫൗണ്ടേഷൻ എന്നിവയെയാണ് ഭീകരസംഘടനകളായി പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനകൾക്കും സഖ്യകക്ഷികൾക്കും അടുത്ത അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്കുണ്ട്. നവൽനിയെ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് തുടച്ചുനീക്കാനുള്ള പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ശ്രമങ്ങൾക്ക് കോടതിയും പിന്തുണ നൽകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
Read more…
- ഇനി വീണാ വിജയനുമുന്നിലെ വഴികളേതൊക്കെ, പാര്‍ട്ടിയുടെ ന്യായീകരണ മാര്ഗമടഞ്ഞോ?
- കനത്ത ചൂട്: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം,സംസ്ഥാനത്ത് ചിലയിടങ്ങളിൽ യെല്ലോ അലേർട്ട്
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
- തുറന്ന ജീപ്പിലെ ഭാരത് ജോഡോ യാത്ര; സാരഥിയായി തേജസ്വി യാദവ്; ചിത്രങ്ങൾ വൈറല്‍
- പാകിസ്താൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉമർ അയൂബ് ഖാനെ നാമനിർദേശം ചെയ്ത് പി.ടി.ഐ