ഗൂഗിൾ ബാർഡ് അടുത്തെയിടെയാണ് അതിന്റെ എഐ ചാറ്റ്ബോടിനു ജെമിനി എന്ന പേര് നൽകിയത്. മാത്രമല്ല ആൻഡ്രോയിഡ് ആപ്, ഏറ്റവും പുതിയ ഭാഷാ മോഡൽ എന്നിവയും ഗൂഗിൾ അവതരിപ്പിച്ചു. ഇപ്പോഴിതാ ഗൂഗിൾ അതിന്റെ ഉപയോക്താക്കൾക്കു വ്യക്തമായ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ചാറ്റ്ബോടിൽ രഹസ്യ വിവരങ്ങളൊന്നും പങ്കിടരുത്.
ഗവേഷണത്തിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ജെമിനിയിൽ ലഭിക്കുന്ന ചില ചാറ്റുകൾ നിരീക്ഷണ വിധേയമാക്കാറുണ്ടത്രെ, അതേസമയം ആരാണെന്നും എന്താണെന്നും എവിടയാണെന്നുമുൾപ്പടെയുള്ള വിവരങ്ങളെല്ലാം മാറ്റിയശേഷമാണ് ഹ്യുമൻ റിവ്യൂവേഴ്സിനു ഈ ചാറ്റ് കൈമാറുന്നതത്രെ.
ജെമിനിയെ ചാറ്റുകൾ ഗൂഗിൾ അക്കൗണ്ടിൽ സംരക്ഷിക്കേണ്ടതില്ലെങ്കിൽ myactivity.google.com/product/gemini എന്നതിൽനിന്നും ജെമിനി ആപിലെ സംഭാഷണങ്ങൾ ഇല്ലാതാക്കാൻ കഴിയും, പക്ഷേ ആക്റ്റിവിറ്റി ഓഫ് ചെയ്താലും 72 മണിക്കൂർ വരെ ഹിസ്റ്ററിയില്‍ ഉണ്ടാകുമെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
ജെമിനി ഉപയോഗിക്കുമ്പോൾ ഉപയോക്താക്കളുടെ സംഭാഷണങ്ങൾ, ലൊക്കേഷൻ, ഫീഡ്‌ബാക്ക്, ഉപയോഗ വിവരങ്ങൾ എന്നിവ ഗൂഗിൾ ശേഖരിക്കാറുണ്ട്. ചോദ്യങ്ങൾക്കു മികച്ച മറുപടി നൽകാനാണ് ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് ഗൂഗിളിന്റെ വാദം.
അതേസമയം ഓൺലൈനിൽ പങ്കിടുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള ചെറിയ സാധ്യത നിലനിൽക്കുന്നുണ്ടെന്നും വിവരങ്ങൾ പങ്കിടുന്നതിൽ ശ്രദ്ധിക്കണമെന്നും ഓൺലൈന്‍ സുരക്ഷയെപ്പറ്റി ബോധവാൻമാർ ആയിരിക്കേണ്ടതുണ്ടെന്നും ഗൂഗിൾ പറയുന്നു.
ഗൂഗിളിന്റെ ഡാറ്റാ സെന്ററുകൾ മുതൽ മൊബൈൽ ഉപകരണങ്ങളിൽ വരെ പ്രവർത്തിക്കാൻ കഴിവുള്ള ഒരു ഫ്ലെക്സിബിൾ മോഡൽ എന്നായിരുന്നു ഗൂഗിൾ ജെമിനിയെ വിശേഷിപ്പിച്ചിരുന്നത്