ബജറ്റില്‍ പ്രഖ്യാപിച്ച വിദേശ സര്‍വ്വകലാശാലയും, സ്വകാര്യ സര്‍വ്വകലാശാലയും സംസ്ഥാനത്ത് നടപ്പാക്കുമെന്ന് വീണ്ടും ഉറപ്പിച്ചു പറയുകയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റിന്‍മേലുള്ള ചര്‍ച്ചക്കു മറുപടി പറയുകയായിരുന്നു ധനമന്ത്രി. നിയമസഭയില്‍ നടന്ന ചര്‍ച്ചക്കിടെ വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പുഷ്പനെ അറിയാമോ എന്ന് ചോദിച്ചതിന്, പുഷ്പനെ ഓര്‍മ്മയുണ്ടെന്നും ആ സമരത്തില്‍ സജീവമായി പങ്കെടുത്തവരാണ് തങ്ങളെല്ലാവരുമെന്നും കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങളും ചര്‍ച്ചകളും വേണം.

വിദേശസര്‍വകലാശാലയെ സംബന്ധിച്ച് ചര്‍ച്ചവേണമെന്നാണ് പറഞ്ഞിട്ടുള്ളത്. നാല്‍പത് വര്‍ഷംമുമ്പ് ട്രാക്ടറിനും കമ്പ്യൂട്ടറിനുമെതിരെ ഞങ്ങളുടെ അന്നത്തെ തലമുറ സമരംചെയ്തിട്ടുണ്ട്. മൂവായിരത്തോളം തൊഴിലാളികള്‍ തൊഴിലില്ലാതെ നില്‍ക്കുന്ന, കര്‍ഷക തൊഴിലാളികള്‍ക്ക് ജോലി കിട്ടാത്ത കാലത്തെ പോലെയാണോ ഇന്ന്. കാലം മാറി. കേരളത്തിലെ കുടുംബങ്ങളില്‍ നിന്ന് കുട്ടികള്‍ വിദേശത്തേക്ക് പോവുകയാണ്. ഒരു കുട്ടിക്ക് 30 ലക്ഷം മുതല്‍ മുകളിലേക്കാണ് വിദേശത്ത് പഠന ചെലവ്. നാട്ടില്‍ ചെലവാകേണ്ട പണം ഇവിടെ വരണം. കുട്ടികള്‍ പലരും പോകുന്നത് കുടിയേറ്റത്തിനും ജോലിക്കും വേണ്ടിയാണ്. ഇതിനൊക്കെയുള്ള പരിഹാരമാണ് വിദേശ സര്‍വകലാശാലകള്‍ വേണമെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍വത്കരണം വന്നപ്പോള്‍ തൊഴില്‍ കളയുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് സംഘടനയുടെ സമരം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടിയാണെന്നും ബാലഗോപാല്‍ പറഞ്ഞു.

വിദേശ സര്‍വകലാശാലയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതേ ഉള്ളൂ എന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. സിപിഎം ഇപ്പോള്‍ ഒരു നയം എടുത്തിട്ടില്ല. ചര്‍ച്ചചെയ്തിട്ട് പൊതുവായ മാനദണ്ഡം നോക്കി കാര്യങ്ങള്‍ ചെയ്യും. ചര്‍ച്ചകള്‍ പോലും പാടില്ല എന്നുപറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതാണ് വിദേശ സര്‍വ്വകലാശാലയുടെ പാര്‍ട്ടി നിലപാട്. സജീവമായ ചര്‍ച്ചകള്‍ക്കു ശേഷം കാലത്തിന്റെ അനിവാര്യതയാണ് എന്ന് തീരുമാനിക്കും. അപ്പോള്‍ കാലത്തിന്റെ അനിവാര്യതയല്ലാത്തത് പുഷ്പനും, കൂത്തുപറമ്പിലെ രക്തസാക്ഷികളുമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ബജറ്റ് പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ നിലപാട് വ്യക്തമാക്കിയതാണ് എന്നാല്‍, പരസ്യ പ്രസ്താവന ഈ വിഷയത്തില്‍ വേണ്ടെന്ന് താക്കീതു നല്‍കിയാണ് വായടപ്പിച്ചത്. മുഖ്യമന്ത്രിയുടെ അനുമതിയോടെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ വിദേശ സര്‍വ്വകലാശാലയില്‍ നയപരമായ തീരുമാനം എടുക്കുക എന്ന കടമ്പ മാത്രമാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടിയുടെ ആശീര്‍വാദവും, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവുമെല്ലാം ചേര്‍ത്ത് അടുത്ത ബജറ്റില്‍ ബിലഗോപാല്‍ തന്നെ വിദേശ സര്‍വ്വകലാശാല ശക്തമായി അവതരിപ്പിക്കുമെന്നുറപ്പാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















