ഒരുപാടു കായികാധ്വാനം ആവശ്യപ്പെടുന്ന വ്യായാമമല്ല യോഗ. യോഗ ചെയ്യുന്നത് മൂലം മാനസികാരോഗ്യവും, ശാരീരികാരോഗ്യവും മെച്ചപ്പടുത്തും. സാധാരണ നിലയിൽ പത്ത് വയസ്സിനു ശേഷം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യോഗ പരിശീലിക്കാവുന്നതാണ്. കുട്ടികളിൽ ശരീരവളർച്ചയും വ്യക്തിത്വ വികസനവുമൊക്കെ നടക്കുന്നത് ഈ കാലഘട്ടത്തിലായതിനാൽ യോഗ പരിശീലനം ആരംഭിക്കാൻ ഏറ്റവും നല്ല സമയം ഇതാണ്.
യോഗയുടെ പ്രസക്തി
മറ്റ് വ്യായാമ മുറകളെ അപേക്ഷിച്ച് മനസിനെ ഏകാഗ്രമാക്കാനും ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാനും യോഗ പരിശീലിക്കുന്നത് കൊണ്ട് സാധിക്കും. യോഗയെന്നാൽ ശരീരം, മനസ്സ്, പ്രകൃതി എന്നീ മൂന്ന് കാര്യങ്ങളെ സംയോജിപ്പിക്കലാണ്. ഇന്ന് യോഗയ്ക്ക് പല അർഥങ്ങളുണ്ട്. ഏകാഗ്രതയ്ക്ക്, സന്തോഷത്തിന്, സമാധാനത്തിന്, ശരീരസൗന്ദര്യത്തിന്, വിജയത്തിന്, ആരോഗ്യത്തിന്, ചെറുപ്പമായിരിക്കാൻ – എല്ലാറ്റിനും യോഗയിൽ പരിഹാരമുണ്ട്.
പ്രായമുള്ളവരും രോഗമുള്ളവരുമാണ് യോഗ ചെയ്യുന്നത് എന്നായിരുന്നു പണ്ടൊക്കെ ആളുകൾ വിശ്വസിച്ചിരുന്നത്. ഇന്ന് ആ ധാരണ പാടെ മാറിയിരിക്കുന്നു. ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഒട്ടേറെപ്പേർ യോഗ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു.
യോഗ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതോടെ വ്യക്തികളുടെ ആരോഗ്യം, ചിന്ത, പെരുമാറ്റം, ജീവിതശൈലി, രോഗങ്ങൾ എന്ന് തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. ശരീരത്തിനും മനസ്സിനും പുതിയ ഊർജ്ജവും ഉന്മേഷവും ലഭിച്ച് തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ, യോഗ കൊണ്ട് അർഥമാക്കുന്നത് സമഗ്രമായ ഒരു ആരോഗ്യപദ്ധതിയാണ്.
ശരീര സൗന്ദര്യം കൂട്ടാൻ യോഗ
തിളങ്ങുന്ന ചർമ്മവും വടിവൊത്ത ശരീരവും ഏതൊരാളുടെയും സ്വപ്നമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക്. ശരീര സൗന്ദര്യം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇനി മറ്റ് മാർഗ്ഗങ്ങൾ തേടി അലയേണ്ട. എല്ലാത്തിനുമുള്ള പരിഹാരം യോഗയിലുണ്ട്. യോഗയിലുൾപ്പെട്ട ശ്വസന വ്യായാമങ്ങൾ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നതോടൊപ്പം ശ്വസനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റാനും സഹായിക്കും.
അതുപോലെ തന്നെ പതിവായി യോഗ പരിശീലിക്കുന്നവരിലും പ്രാണായാമം ശീലമാക്കിയവരിലും കൂടുതൽ ചെറുപ്പം നിലനിൽക്കുന്നതായി കാണപ്പെടാറുണ്ട്. ശരീരത്തിന്റെ ഇരുവശങ്ങളിലും അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് അരക്കെട്ട് ഒതുങ്ങി ശരീരഭംഗി വർധിപ്പിക്കാനുള്ള വിവിധ ആസനങ്ങൾ യോഗയിൽ ധാരാളമുണ്ട്.
വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, വാർദ്ധക്യത്തിന്റെ ലക്ഷണമായി ശരീരത്തിൽ കാണപ്പെടുന്ന ചുളിവുകൾ ഇവയെല്ലാം മാറ്റാൻ യോഗയിലൂടെ സാധിക്കും. ഇതൊക്കെ സാധിക്കണമെങ്കിൽ നിരന്തര ശ്രമവും ഏകാഗ്രതയും യോഗ ചെയ്യാൻ ആവശ്യമാണ്.
ആരോഗ്യവും ശരീരസൗന്ദര്യവും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി കണക്കാക്കാം. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ സൗന്ദര്യം പ്രതിഫലിക്കൂ. ഇടതൂർന്ന മുടിയും, മെലിഞ്ഞ ശരീരവും, തിളക്കമേറിയ ചർമ്മവുമൊക്കെ യോഗയിലൂടെ ലഭിക്കണമെങ്കിൽ അടിസ്ഥാനം ആരോഗ്യമുള്ള ശരീരമാണ്.
ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാൻ യോഗയ്ക്കുള്ള കഴിവ് എടുത്ത് പറയേണ്ടിയിരിക്കുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ രക്തയോട്ടം കൂടും. ടോക്സിനുകളെ പൂർണ്ണമായും നീക്കി ചർമ്മത്തിന് ആരോഗ്യം നൽകുന്നതിനും അവശ്യ പോഷകങ്ങൾ ത്വക്കിന് ലഭ്യമാക്കുന്നതിനും യോഗ ഉത്തമമാണ്.
മിക്ക സൗന്ദര്യപ്രശ്നങ്ങളുടെയും മൂലകാരണം മാനസികസമ്മർദ്ദങ്ങളാണ്. മനസ്സിനെ കൂടുതൽ ശാന്തമാക്കാനും അതുവഴി സമ്മർദ്ദത്തെ ദൂരീകരിക്കാനും യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കും.
ചിട്ടയായ യോഗക്രമങ്ങൾ പാലിക്കുന്നതിലൂടെ മുഖക്കുരു, താരൻ, മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം, പാടുകൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാം. യോഗ ചെയ്യുമ്പോൾ തലയോട്ടിയിലെ രക്തചംക്രമണം കൂടുന്നതോടെ രോമകൂപങ്ങളിൽ പോഷകങ്ങൾ ധാരാളമായെത്തുന്നു. ഇത് തലമുടിയുടെ ആരോഗ്യകരമായ വളർച്ചക്കയ്ക്കും തലയോട്ടിയുടെ പ്രവർത്തനക്ഷമതയ്ക്കും ഉത്തമമാണ്.
യോഗയിലൂടെ ശരീരഭാരം നിയന്ത്രിക്കാം
അമിത വണ്ണം നിങ്ങളെ ആകുലപ്പെടുത്തുന്നുണ്ടോ? അല്ലെങ്കിൽ കുറഞ്ഞ ശരീരഭാരം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? യോഗയിൽ പ്രതിവിധിയുണ്ട്. കൃത്യമായ യോഗാസനങ്ങൾ പരിശീലിച്ചാൽ അമിത ശരീരഭാരം കുറയ്ക്കാനും കുറഞ്ഞ ശരീരഭാരം കൂട്ടാനും സാധിക്കും. ദഹനപ്രക്രിയ മെച്ചപ്പെടുത്തി അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാനും യോഗ സഹായകമാണ്.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമയം – രാവിലെയാണ് യോഗ പരിശീലിക്കാൻ ഉചിതമായ സമയം. പുലർച്ചെ 3 മണി മുതൽ രാവിലെ 8.30 വരെയാണ് യോഗ ചെയ്യാൻ ഉചിതമായ സമയമായി യോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ യോഗ പരിശീലിക്കാൻ സമയം ലഭിക്കാത്തവർക്ക് വൈകുന്നേരങ്ങളിൽ യോഗ ചെയ്യാവുന്നതാണ്. വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ പരിശീലനത്തിൽ ഏർപ്പെടാം.
ഭക്ഷണത്തിന് മുമ്പോ ശേഷമോ – വെറും വയറ്റിൽ യോഗ ചെയ്യുന്നതാണ് അത്യുത്തമം. ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യാൻ പാടുള്ളതല്ല. യോഗ ചെയ്യുന്നതിനായി പ്രധാന ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 3 മണിക്കൂറെങ്കിലും ആവശ്യമാണ്. ലഘുഭക്ഷണത്തിനു ശേഷമാണ് യോഗ ചെയ്യാൻ ഒരുങ്ങുന്നതെങ്കിൽ കഴിച്ചതിനു ശേഷം ഒന്നര മണിക്കൂറെങ്കിലും ഇടവേള അനിവാര്യമാണ്. വിവിധ പാനീയങ്ങൾ കഴിച്ചതിനു ശേഷം യോഗ ചെയ്യുന്നതിലുമുണ്ട് നിഷ്ഠകൾ.
വെള്ളം മാത്രം കുടിക്കുന്നെങ്കിൽ അതിനു ശേഷം 10 മിനിറ്റ് കഴിഞ്ഞ് യോഗ ചെയ്യാൻ തുടങ്ങാം. അതേസമയം കാപ്പിയോ ചായയോ കുടിക്കുകയാണെങ്കിൽ യോഗ ആരംഭിക്കാൻ അര മണിക്കൂറെങ്കിലും കാത്തിരിക്കണം.
സ്ഥലം – യോഗ എന്നാൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയായതിനാൽ ഇത് ചെയ്യുന്നിടത്ത് ധാരാളം വായുവും വെളിച്ചവും കടന്നുവരേണ്ടത് അത്യാവശ്യമാണ്. വായുസഞ്ചാരം ധാരാളമായി ഉണ്ടാകാൻ യോഗ ചെയ്യുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടാം.
വസ്ത്രം – യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. തറയിൽ വിരിക്കാൻ യോഗ മാറ്റ് ഉപയോഗിക്കാം.
- Read more…..
- ദിവസത്തിൽ പകുതിയും കംപ്യൂട്ടറിനു മുന്നിലാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക
- നര മാറാൻ ഇതിലും മികച്ച വഴിയില്ല; വീട്ടിൽ തയാറാക്കി നോക്കു
- വീട്ടിലിരിക്കുമ്പോൾ ഇടയ്ക്കിടെ വിശപ്പ് തോന്നാറുണ്ടോ?
- cancer ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ? ഉറപ്പായും ക്യാൻസറിന്റെ ആരംഭമാകും
- എന്തുകൊണ്ടാണ് എപ്പോഴും ദാഹം തോന്നുന്നത്? ഈ 5 കാരണങ്ങൾ ശ്രദ്ധിക്കു