ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി വിധി പറയാനായി കര്‍ണാടക ഹൈക്കോടതി മാറ്റി. വിധി വരുന്നതു വരെ കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്ന് കോടതി എസ്എഫ്‌ഐഒയ്ക്ക് നിര്‍ദേശം നല്‍കി. അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് എസ്എഫ്‌ഐഒയോട് കോടതി ചോദിച്ചു. എക്‌സാലോജിക് രേഖകള്‍ ഹാജരാക്കാന്‍ സമയം നീട്ടി ചോദിച്ചിട്ടുണ്ട് എന്നായിരുന്നു എഎസ്ജിയുടെ മറുപടി. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് നിര്‍ദേശിച്ച കോടതി എസ്എഫ്‌ഐഒ ചോദിച്ച രേഖകള്‍ കൊടുക്കണമെന്ന് എക്‌സാലോജികിനോടും നിര്‍ദേശിച്ചു.
അതേസമയം, വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉറപ്പിച്ചു പറഞ്ഞു. തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് വസ്തുതകള്‍ നിരത്തി വിശദീകരിച്ചതാണ്. മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോണ്‍ ജോര്‍ജ്ജിന്റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേസുമായി കോടതിയില്‍ പോയത്. കമ്പനി ആക്ടിലെ വ്യവസ്ഥയില്‍ വീഴ്ചയുണ്ടോ എന്നതില്‍ മാത്രമാണ് എസ്എഫ്‌ഐഒ അന്വേഷണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി എന്തെല്ലാം കാണണം. എസ്എഫ്‌ഐഒ അന്വേഷണത്തെ രാഷ്ട്രീയമായി ചെറുക്കും, പ്രതിരോധിക്കും. കെഎസ്‌ഐഡിസിയുടെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി ബിജെപി ഇതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് വശത്താക്കുന്നു. പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്ന് പങ്കാളിയാക്കിയതും അതിന്റെ ഭാഗം തന്നെയാണ്. ആഹാരത്തിന് ക്ഷണിച്ചാല്‍ പോകാതിരിക്കുന്നത് സംസ്‌കാരമല്ലെന്നാണ് പ്രേമചന്ദ്രനും യുഡിഎഫും പറയുന്നത്. മുഖ്യമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നിന് പ്രതിപക്ഷം എത്താതിരുന്നത് ഏത് സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് എക്‌സാലോജിക് കമ്പനിക്കെതിരേ കേസ് വരുന്നത്. വീണയ്ക്ക് ഒരു സ്വകാര്യ കമ്പനി പ്രത്യേക സേവനമൊന്നും നല്‍കാതെ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയതായി ആദായനികുതി കണ്ടെത്തിയിരുന്നു. ഈ പണം നല്‍കിയത് പ്രമുഖ വ്യക്തി യുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡെല്‍ഹി ബെഞ്ച് തീര്‍പ്പ് കല്‍പര്പിക്കുകയും ചെയ്തിരുന്നു. കൊച്ചില്‍ മിനറല്‍ ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണ് വീണണയ്ക്ക് പണം നല്‍കിയത്. വീണയ്ക്ക് 55 ലക്ഷവും എക്‌സാലോജിക്കിന് 1.17 കോടിയുമായി ആകെ 1.72 കോടി രൂപ സി.എം.ആര്‍.എല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, കരാര്‍ പ്രകാരമുള്ള സേവനങ്ങള്‍ എന്തെങ്കിലും ലഭിച്ചതായി തങ്ങള്‍ക്ക് അറിയില്ലെന്ന് സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















