ദുബായ് ∙ ഇന്ത്യയിൽ താമസിക്കുന്നവർക്കു മാത്രം ബാധകമായിരുന്ന, രാജ്യത്തിന്റെ ഏകീകൃത – സവിശേഷ തിരിച്ചറിയൽ സംവിധാനമായ ആധാർ ഇനി പ്രവാസികൾക്കും നിർബന്ധം. ലോകത്ത് എവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും ഇനി ആധാർ നിർബന്ധമാണ്. അതേസമയം, ഓവർസീസ് ഇന്ത്യൻ പൗരത്വമുള്ളവർക്ക് (മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചവർ, ഗ്രീൻകാർഡ് ഉള്ളവർ) ആധാർ എടുക്കണമെങ്കിൽ കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ താമസിക്കണമെന്ന നിബന്ധനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ഈ നിബന്ധനയില്ല. പ്രവാസികൾക്കു മാത്രമായി പ്രത്യേക ആധാർ സംവിധാനവും നിലവിൽ വന്നു. ഏതെങ്കിലും ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയ കേന്ദ്രത്തിലോ നേരിട്ടു പോയി വേണം അപേക്ഷ നൽകാൻ. പ്രവാസികളുടെ ആധാർ കാർഡിൽ എൻആർഐ എന്നു പ്രത്യേകം രേഖപ്പെടുത്തും. പ്രവാസികൾക്ക് ആധാർ ഇല്ലാത്തതിനാൽ, പല സർക്കാർ ഇടപാടുകളിലും തടസ്സം നേരിട്ടിരുന്നു. പുതിയ സംവിധാനത്തോടെ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകും.
∙ വിദേശ പൗരത്വം സ്വീകരിച്ചവർക്കും
വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) ആധാറിനായി അപേക്ഷിക്കാം. പൗരത്വം തെളിയിക്കുന്ന രേഖയല്ലാത്തതിനാൽ വിദേശ പൗരത്വം ഉള്ളവർക്കും ആധാർ എടുക്കാം. എന്നാൽ, അപേക്ഷിക്കുന്നതിന് മുൻപ് കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചിരിക്കണം എന്നു നിബന്ധനയുണ്ട്.
∙ പ്രവാസി ആധാറിനെ അടുത്തറിയാം
വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള രേഖ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ, ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുള്ള രേഖ എന്നീ നിലകളിൽ ആധാർ ഓരോ പ്രവാസിക്കും പ്രധാനമാണ്. ഇന്ത്യയിൽ സാമൂഹിക സുരക്ഷാ നമ്പരായാണ് ആധാർ പ്രവർത്തിക്കുന്നത്. എല്ലാ പ്രവാസികൾക്കും ഇനി മുതൽ ആധാർ നിർബന്ധമാണെന്നതാണ് പ്രധാന കാര്യം. ആധാർ സേവാ കേന്ദ്രത്തിലോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, യുഐഡിഎഐ വെബ്സൈറ്റ് വഴിയോ ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം.
∙ തിരിച്ചറിയൽ രേഖ
ഇന്ത്യയിൽ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ട ഏതു സാഹചര്യത്തിലും പ്രവാസികൾക്ക് ആധാർ ഉപയോഗിക്കാം.
∙ വിലാസ രേഖ
ഇന്ത്യക്കാരനാണെന്നും ഇന്ത്യയിൽ എവിടെ താമസിക്കുന്നുവെന്നും തെളിയിക്കാൻ ഉപയോഗിക്കാം.
∙ ഉപഭോക്തൃ രേഖ
ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പ്രവാസിക്ക് അവരുടെ കെവൈസി (നോ യുവർ കസ്റ്റമർ) രേഖയായി ആധാർ ഉപയോഗിക്കാം. മ്യൂച്വൽ ഫണ്ട്, സ്റ്റോക്ക് മാർക്കറ്റ് എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് ഇത് അടിസ്ഥാന തിരിച്ചറിയൽ രേഖയാണ്.
എൻആർഐക്ക് അപേക്ഷ ഇങ്ങനെ
∙ ഏതെങ്കിലും ആധാർ സേവ കേന്ദ്രത്തിൽ നേരിട്ട് എത്തുക.
∙ പ്രവാസികൾ നിർബന്ധമായും പാസ്പോർട്ട് കരുതണം. (182 ദിവസം തുടർച്ചയായി ഇന്ത്യയിൽ താമസിച്ച വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് വിദേശ പാസ്പോർട്ട് ഹാജരാക്കാം)
∙ ആധാറുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുക.
∙ അപേക്ഷകന് നിർബന്ധമായും ഇമെയിൽ വിലാസം ഉണ്ടായിരിക്കണം. വിദേശത്തെ ഫോൺ നമ്പർ ഇപ്പോൾ ആധാറിൽ പരിഗണിക്കില്ല.
∙ അപേക്ഷയിലെ സത്യപ്രസ്താവന പൂർണമായും വായിച്ചു മനസിലാക്കി ഒപ്പുവയ്ക്കുക.
∙ ആധാറിൽ എൻആർഐ എന്ന നിലയിൽ എൻറോൾ ചെയ്യാൻ ആവശ്യപ്പെടുക.
∙ മേൽവിലാസത്തിനും ജനനത്തീയതിക്കുമുള്ള രേഖയായി പാസ്പോർട്ട് ഉപയോഗിക്കാം. ഇക്കാര്യത്തിൽ വ്യത്യാസമുള്ളവർ, അനുബന്ധ സർക്കാർ രേഖകൾ ഉപയോഗിക്കാം.
∙ ബയോമെട്രിക് വിവരങ്ങൾ നൽകാം.
∙ നൽകിയ വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ആധാറിനായി സമർപ്പിക്കുക.
∙ 14 അക്ക എൻറോൾമെന്റ് ഐഡി, സമയം തീയതി എന്നിവ അടങ്ങിയ അക്നോളജ്മെന്റ് സൂക്ഷിച്ചു വയ്ക്കുക.
∙ ആധാർ സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിന് https://resident.uidai.gov.in/check-aadhaar ലിങ്കിൽ പരിശോധിക്കുക.
അപേക്ഷ ഫോമുകൾ 9 തരം
∙ ഫോം 1 – ഇന്ത്യയിൽ താമസിക്കുന്നവർക്കും പ്രവാസികൾക്കും ആധാറിനായി അപേക്ഷിക്കാനുള്ള ഫോം.
∙ ഫോം 2 – വിദേശത്ത് വിലാസം തെളിയിക്കുന്ന രേഖകളുള്ള ഇന്ത്യക്കാർക്കായുള്ളത്.
∙ ഫോം 3– ഇന്ത്യയിൽ സ്ഥിര വിലാസമുള്ള പ്രവാസികളുടെ 5 – 18 ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആധാർ അപേക്ഷിക്കാനുള്ളത്.
∙ ഫോം 4 – ഇന്ത്യയ്ക്കു വെളിയിൽ വിലാസമുള്ള എൻആർഐ കുട്ടികൾക്കായുള്ളത്.
∙ ഫോം 5 – ഇന്ത്യയിൽ വിലാസമുള്ള 5 വയസ്സിനു താഴെയുള്ള എൻആർഐ കുട്ടികൾക്കായുള്ളത്.
∙ ഫോം 6 – ഇന്ത്യയ്ക്കു പുറത്തു വിലാസമുള്ള 5 വയസിൽ താഴെയുള്ള പ്രവാസി കുട്ടികൾക്ക്.
∙ ഫോം 7 – 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്കുള്ളത്. ഈ അപേക്ഷകർക്ക് വിദേശ പാസ്പോർട്ട്, ദീർഘകാല വീസ, ഒസിഐ കാർഡ്, ഇന്ത്യൻ വീസ, ഇമെയിൽ വിലാസം എന്നിവ നിർബന്ധം.
∙ ഫോം 8 – 18 വയസ്സിൽ താഴെ പ്രായമുള്ള വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക്.
∙ ഫോം 9 – 18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് റദ്ദാക്കാനുള്ളത്.
∙ പ്രവാസി ആധാർ: കൂടുതൽ അറിയാൻ
https://www.indiandiaspora.org/news/aadhaar-card-enrollment-new-rules-announced-nris-oci-card-holders
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു