മുംബൈ: മുൻ നഗരസഭാംഗവും ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവുമായ യുവാവിനെ ഫേസ്ബുക് ലൈവിനിടെ വെടിവെച്ചുകൊന്നു. അഭിഷേക് ഘോസാൽക്കറാണ് വെടിയേറ്റ് മരിച്ചത്. ഉദ്ധവ് പക്ഷ മുൻ എം.എൽ.എ വിനോദ് ഘോസാൽക്കറുടെ മകനാണ്. അഭിഷേകിനെ വെടിവെച്ച മൗറിസ് നൊരോഞ സ്വയം വെടിവെച്ചു മരിച്ചു.
ഇരുവരും തമ്മിലെ വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണം. ഇരുവരും തമ്മിലെ പ്രശ്നം ഈയിടെ പരിഹരിക്കുകയും വ്യാഴാഴ്ച മൗറിസ് നൊരോഞ സാരി വിതരണ ചടങ്ങിന് അഭിഷേകിനെ തന്റെ ഓഫിസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് ശേഷമാണ് അഭിഷേകിനു നേരെ വെടിയുതിർത്തത്. ഇരുവരെയും ദഹിസറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉല്ലാസ് നഗറിൽ പൊലീസ് സ്റ്റേഷനകത്തുവെച്ച് ബി.ജെ.പി എം.എൽ.എ ഗണപത് ഗെയിക്വാദ് ഏകനാഥ് ഷിൻഡെ പക്ഷ ശിവസേന നേതാവിനെ വെടിവെച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പാണ് പുതിയ അക്രമവും ആത്മഹത്യയും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















